കൊളംബോ: ഇന്ത്യക്കെതിരായ ഏകദിന പരമ്പര നഷ്ടമായ ശ്രീലങ്കയ്ക്ക് മറ്റൊരു തിരിച്ചടി കൂടി. മൂന്നാം ഏകദിനത്തില്‍ ബാറ്റിംഗിനിടെ തള്ളവിരലിന് പരിക്കേറ്റ ദിനേശ് ചണ്ഡിമല്‍ പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ കളിക്കില്ല. ചണ്ഡിമലിന്റെ തള്ളവിരലിന് പൊട്ടലുണ്ട്. ബാറ്റിംഗിനിടെ ഹര്‍ദ്ദീക് പാണ്ഡ്യയുടെ പന്തുകൊണ്ടാണ് ചണ്ഡിമലിന് പരിക്കേറ്റത്.

വിലക്കിനെ തുടര്‍ന്ന് ക്യാപ്റ്റന്‍ ഉപുല്‍ തരംഗയുടെയും പരിക്കിനെത്തുടര്‍ന്ന് ഗുണതിലകയുടെയും സേവനം ലങ്കയ്ക്ക് നേരത്തെ നഷ്ടമായിരുന്നു. ഇവര്‍ക്ക് പകരക്കാരനായാണ് ടെസ്റ്റ് ടീം നായകന്‍ കൂടിയായ ചണ്ഡിമലിനെ മൂന്നാം ഏകദിനത്തിനുള്ള ടീമില്‍ ഉള്‍പ്പെടുത്തിയത്. ഇപ്പോള്‍ ചണ്ഡിമലിനെയും നഷ്ടമാവുന്നതോടെ നാലാം ഏകദിനത്തില‍്‍ ലങ്കന്‍ ബാറ്റിംഗ് നിര വന്‍ പ്രതിസന്ധിയിലാവും. ചണ്ഡിമലിന്റെ പകരക്കാരനാരാവുമെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ടെസ്റ്റ് പരമ്പര 3-0ന് നഷ്ടമായ ലങ്ക ഏകദിന പരമ്പരയില്‍ 3-0ന് പിന്നിലാണ്. പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളെങ്കിലും ജയിച്ചില്ലെങ്കില്‍ ആരാധകരില്‍ നിന്ന് കടുത്ത പ്രതിഷേധം ലങ്കന്‍ ടീം നേരിടേണ്ടിവരും.