ഇന്‍ഡോര്‍: ക്രിക്കറ്റിലെ ഇപ്പോഴുള്ള ചൂടുള്ള വിഷയം രോഹിത്ത് ശര്‍മ്മയുടെ വെടിക്കെട്ട് ബാറ്റിംഗാണ്. ശ്രീലങ്കക്കെതിരായ ഏകദിനത്തില്‍ തന്‍റെ മൂന്നാം ഡബിള്‍ സെഞ്ച്വറി കുറിച്ച താരം ഇപ്പോള്‍ ഇതാ ടി20യിലും 35 ബോളുകളില്‍ നിന്ന് അധിവേഗ സെഞ്ച്വറിയോടെ ലോക റെക്കോര്‍ഡിന് ഒപ്പം എത്തുകയും ചെയ്തു.
രോഹിത്തിന്റെ ബാറ്റില്‍ നിന്ന് പിറക്കുന്ന തകര്‍പ്പന്‍ ഷോട്ടുകള്‍ കണ്ട് കോരിത്തരിക്കുന്ന ആരാധകര്‍ക്ക് ഒരേ ഒരു ചോദ്യമാണ് ചോദിക്കാനുണ്ടാവുക. ഇതൊക്കെ എങ്ങനെ സാധിക്കുന്നെന്റെ ആശാനെ? രോഹിത് തന്നെ അതിനു മറുപടി നല്‍കിയിരിക്കുകയാണ്.
ടൈമിങ്ങാണ് തന്‍റെ ശക്തിയെന്നാണ് രോഹിത് പറഞ്ഞത്. ‘അധികം കൈക്കരുത്തില്ലാത്തയാളാണ് ഞാന്‍. അതുകൊണ്ടുതന്നെ കൃത്യമായ ടൈമിങ്ങോടെ കളിക്കാനാണ് ഞാന്‍ ശ്രമിക്കാറുള്ളത്. എന്റെ ശക്തിദൗര്‍ബല്യങ്ങളെക്കുറിച്ച് എനിക്ക് വ്യക്തമായ ധാരണയുണ്ട്. സാധാരണയായി ആറ് ഓവറിനുശേഷം ഫീല്‍ഡര്‍മാര്‍ മൈതാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരന്നുകഴിഞ്ഞിരിക്കും. അവര്‍ക്കിടയിലെ വിടവു കണ്ടെത്താനാണ് പിന്നീട് എന്റെ ശ്രമം. മൈതാനം മനസ്സിലാക്കി കളിക്കുകയെന്നത് പ്രധാനപ്പെട്ടതാണ്’ രോഹിത് ചൂണ്ടിക്കാട്ടി.
ഒരു മേഖല മാത്രം ലക്ഷ്യമാക്കി കളിക്കാന്‍ തനിക്കു താല്‍പര്യമില്ലെന്നും രോഹിത് വ്യക്തമാക്കി. മൈതാനത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ റണ്‍സ് കണ്ടെത്താനാണ് ശ്രമം. എതിരാളികളുടെ ഫീല്‍ഡിങ് ക്രമീകരണത്തിനിടയിലെ വിടവുകള്‍ കണ്ടെത്തുകയെന്നത് സുപ്രധാനമാണ്.
ടെസ്റ്റായാലും ഏകദിനമായാലും ടി20 ആയാലും അതു പ്രധാനം തന്നെ. ഒരു മേഖലയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ എതിരാളികള്‍ക്ക് നിങ്ങളെ അതിവേഗം വലയിലാക്കാനാകും. അതുകൊണ്ടുതന്നെ വിടവുകള്‍ കണ്ടെത്തി കളിക്കുന്നതിലാണ് എന്റെ ശ്രദ്ധ. അതാണ് എന്റെ ശക്തിയും രോഹിത് പറഞ്ഞു. ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ട്വന്റി20 മല്‍സരശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രോഹിത്.
