മാഡ്രിഡ്: കേരളത്തിലെ റയല്‍ മാഡ്രിഡ്, ബാഴ്സിലോണ ആരാധകര്‍ക്കൊരു സന്തോഷവാര്‍ത്ത. സീസണിലെ ആദ്യ എല്‍ ക്ലാസിക്കോയുടെ സംപ്രേക്ഷണം മലയാളത്തിലും. മത്സരം മലയാളം കമന്‍ററിയോടെ സോണി-ടെന്‍ നെറ്റ് വര്‍ക്ക് സംപ്രേക്ഷണം ചെയ്യും. വൈകിട്ട് അഞ്ചര മുതല്‍ എല്‍ ക്ലാസിക്കോ സോണി-ടെന്‍ 1 ചാനലില്‍ തത്സമയം കാണാം. ഇതാദ്യമായാണ് എല്‍ ക്ലാസിക്കോയും ഒരു യൂറോപ്യന്‍ ലീഗ് മത്സരവും മലയാളത്തില്‍ സംപ്രേക്ഷണം ചെയ്യുന്നത്.
കേരളത്തില്‍ റയല്‍ മാഡ്രിഡിനും ബാഴ്സിലോണക്കും വലിയ ആരാധക്കൂട്ടമുണ്ട് എന്നതാണ് മലയാളത്തില്‍ സംപ്രേക്ഷണം ചെയ്യാനുള്ള കാരണം. ഇന്ത്യന്‍ സമയം വൈകിട്ടാണ് മത്സരം നടക്കുന്നത് എന്നതും ഇത്തവണത്തെ പ്രത്യേകതയാണ്. യൂറോപ്യന്‍ ലീഗ് മത്സരങ്ങള്‍ക്ക് ഇന്ത്യയില്‍ ധാരാളം ആരാധകരുണ്ട് എന്നതാണ് മത്സരം ഇന്ത്യന്‍ സമയത്തിന് അനുയോജ്യമാക്കിയത്. എന്നാല്‍ റയലിന്‍റെ ഹോം ഗ്രൗണ്ടായ സാന്റിയാഗോ ബെര്‍ണാബുവില്‍ നട്ടുച്ചക്കാണ് മത്സരം നടക്കുന്നത്.
