കൊല്‍ക്കത്ത: ഇന്ത്യന്‍ പരിശീലക സ്ഥാനത്തേക്ക് അപേക്ഷ നല്‍കി ഒരു എഞ്ചിനീയറും. അനില്‍ കുംബ്ലയുടെ രാജിയിലേക്ക് നയിച്ച സംഭവങ്ങളോടുള്ള പ്രതിഷേധം പ്രകടിപ്പിക്കാനാണ് ബംഗാള്‍ സ്വദേശി ഉപേന്ദ്രനാഥ് ബിസിസിഐക്ക് പരിശീലകനാകാനുള്ള അപേക്ഷ നല്‍കിയത്. വീരേന്ദര്‍ സെവാഗ്, ടോം മൂഡി, റിച്ചാര്‍ഡ് പൈബ്സ് ഒടുവില്‍ രവി ശാസ്‌ത്രി, ഇന്ത്യന്‍ പരിശീലക പദവിക്കായി അപേക്ഷ നല്‍കി കാത്തിരിക്കുന്നവര്‍ നിരവധിയുണ്ട്.
ഇവരുടെ കൂട്ടത്തില്‍ ഒരാളാണ് പശ്ചിമ ബംഗാള്‍ സ്വദേശിയായ ഉപേന്ദ്ര നാഥ് ബ്രഹ്മചാരി. ആളൊരു എഞ്ചിനീയര്‍ ആണ്. ക്രിക്കറ്റുമായുള്ള ബന്ധം സ്ക്കൂളില്‍ പഠിച്ചപ്പോള്‍ കളിച്ചിട്ടുണ്ട്. ഉപേന്ദ്ര നാഥിന്റെ അപേക്ഷ കണ്ട് ഞെട്ടിയിരിക്കുകയാണ് ബിസിസിഐയും ക്രിക്കറ്റ് ഉപദേശക സമിതിയും. അനില്‍ കുംബ്ലെയുടെ രാജിയിലേക്ക് നയിച്ച ഇന്ത്യന്‍ ടീമിലെ താരാധിപത്യത്തോടുള്ള പ്രതിഷേധമാണ് ഉപേന്ദ്ര നാഥിന്റെ ഈ നീക്കത്തിനുള്ള കാരണം. ടീം നായകന്‍ വിരാട് കോലിയെ ഉപേന്ദ്ര നാഥ് കണക്കിന് കളിയാക്കുന്നുണ്ട് ബിസിസിഐക്ക് നല്‍കിയ അപേക്ഷയില്‍. ടീം നായകന്റെ ധാര്‍ഷ്‌ട്യം സഹിക്കാന്‍ ഇതിഹാസ താരങ്ങള്‍ക്ക് കഴിയില്ലെന്നും തനിക്ക് അതിനാവും എന്നുമാണ് അപേക്ഷയില്‍ പറയുന്നത്.
പതിയെ ഞാന്‍ നായകനെ മാറ്റി എടുക്കും അതിനുശേഷം ഏതെങ്കിലും ഇതിഹാസ താരത്തെ പരിശീലകനാക്കിക്കൊള്ളൂ എന്നാണ് ഉപേന്ദ്രനാഥിന്റെ വിമര്‍ശനവും പരിഹാസവും.തന്നെ ഉപദേശക സമിതി അഭിമുഖത്തിന് വിളിക്കില്ലെന്ന് ഉറപ്പുണ്ടെന്നും ബിസിസിഐ യെ പ്രതിഷേധം അറിയിക്കാനാണ് ഇത് ചെയ്തത് എന്നുമാണ് ഉപേന്ദ്രനാഥ് പിന്നീട് വിശദീകരിച്ചത്. എന്നാല്‍ ആര്‍ക്കും അപേക്ഷ നല്‍കാമെന്നും അഭിമുഖത്തിന് വിളിക്കുന്നത് ഉപദേശക സമിതി തീരുമാനിക്കുമെന്നുമായിരുന്നു ബിസിസിഐ യുടെ പ്രതികരണം.
