Asianet News MalayalamAsianet News Malayalam

ഇംഗ്ലണ്ട് 477 റണ്‍സിന് പുറത്ത്

england all out for 477
Author
First Published Dec 17, 2016, 9:40 AM IST

ചെന്നൈ: ഇന്ത്യയ്ക്കെതിരായ അവസാന ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം ഇംഗ്ലണ്ട് 477 റണ്‍സിന് പുറത്തായി. നാലിന് 284 റണ്‍സ് എന്ന നിലയില്‍ രണ്ടാംദിനം കളി തുടര്‍ന്ന ഇംഗ്ലണ്ടിന് സെഞ്ച്വറി നേടിയ മൊയിന്‍ അലി(146), ബെന്‍ സ്റ്റോക്ക്സ്(ആറ്), ജോസ് ബട്ട്‌ലര്‍(അഞ്ച്) എന്നിവരുടെ വിക്കറ്റുകളാണ് ആദ്യം നഷ്‌ടമായത്. ലഞ്ചിന് പിരിയുമ്പോള്‍ ഏഴിന് 352 റണ്‍സാണ് ഇംഗ്ലണ്ട് നേടിയിരുന്നത്. എന്നാല്‍ വാലറ്റക്കാരെ കൂട്ടുപിടിച്ച് ലിയാം ഡോസന്‍(പുറത്താകാതെ 66) നടത്തിയ പോരാട്ടമാണ് ഇംഗ്ലീഷ് സ്‌കോര്‍ 477ല്‍ എത്തിച്ചത്. 60 റണ്‍സെടുത്ത ആദില്‍ റഷീദിന്റെ ബാറ്റിംഗും ഇംഗ്ലണ്ട് ഇന്നിംഗ്സില്‍ നിര്‍ണായകമായി. ലോസണ്‍-റഷീദ് കൂട്ടുകെട്ട് എട്ടാം വിക്കറ്റില്‍ 108 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇന്ത്യയ്‌ക്ക് വേണ്ടി രവീന്ദ്ര ജഡേജ മൂന്നും ഇഷാന്ത് ശര്‍മ്മ, ഉമേഷ് യാദവ് എന്നിവര്‍ രണ്ടു വിക്കറ്റുകളും വീഴ്‌ത്തി. ആര്‍ അശ്വിന്‍, അമിത് മിശ്ര എന്നിവര്‍ ഓരോ വിക്കറ്റുകള്‍ പങ്കിട്ടു.

അഞ്ചാം ടെസ്റ്റ് സെഞ്ച്വറി നേടിയ മൊയിന്‍ അലിയുടെ ഇന്നിംഗ്സായിരുന്നു ഇംഗ്ലണ്ട് ഇന്നിംഗ്സിലെ സവിശേഷത.203 പന്തില്‍നിന്ന് ഒമ്പത് ബൗണ്ടറികള്‍ ഉള്‍പ്പടെയാണ് മൊയിന്‍ അലി സെഞ്ച്വറിയിലെത്തിയത്. പുറത്താകുമ്പോള്‍, 263 പന്തില്‍ 13 ബൗണ്ടറികളും ഒരു സിക്‌സറുമായിരുന്നു മൊയിന്‍ അലിയുടെ സമ്പാദ്യം. ഉമേഷ് യാദവിന്റെ പന്തില്‍ ജഡേജ പിടിച്ചാണ് അലി പുറത്തായത്.

ടോസ് നേടി ബാറ്റിങ് തുടങ്ങിയ ഇംഗ്ലണ്ട് ഒരവസരത്തില്‍ രണ്ടിന് 21 എന്ന നിലയില്‍ പതറുകയായിരുന്നു. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന മൊയിന്‍ അലിയും ജോ റൂട്ടും ചേര്‍ന്നാണ് ഇംഗ്ലണ്ടിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ഇരുവരും ചേര്‍ന്ന് 146 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. പിന്നീടെത്തിയ ബെയര്‍സ്റ്റോയെ കൂട്ടുപിടിച്ച് മൊയിന്‍ അലി ഇംഗ്ലീഷ് സ്‌കോര്‍ ഉയര്‍ത്തി. 49 റണ്‍സെടുത്താണ് ബെയര്‍സ്റ്റോ പുറത്തായത്.

അഞ്ചു മല്‍സരങ്ങള്‍ ഉള്‍പ്പെട്ട പരമ്പര ഇന്ത്യ നേരത്തെ സ്വന്തമാക്കിയിരുന്നു. ഈ മല്‍സരം ജയിച്ച് അപരാജിത റെക്കോര്‍ഡ് സ്വന്തമാക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ആശ്വാസ ജയം തേടിയാണ് ഇംഗ്ലണ്ട് ഈ മല്‍സരത്തിന് ഇറങ്ങിയത്.

Follow Us:
Download App:
  • android
  • ios