ധാക്ക: ഇംഗ്ലണ്ട്-ബംഗ്ലാദേശ് രണ്ടാം ഏകദിനത്തിനിടെ താരങ്ങള്‍ തമ്മില്‍ കൈയാങ്കളി. കളിക്കുശേഷം പരസ്പരമുള്ള ഹസ്തദാനത്തിനിടെയാണ് ഇംഗ്ലണ്ട്-ബംഗ്ലാദേശ് താരങ്ങള്‍ തമ്മില്‍ ഉന്തും തള്ളും ഉണ്ടായത്. ഇംഗ്ലണ്ട് താരം ബെന്‍ സ്റ്റോക്കും ബംഗ്ലാദേശിന്റെ തമീം ഇക്ബാലും തോള്‍ കൊണ്ട് പരസ്പരം തട്ടിയതാണ് പ്രശ്‌നത്തിന് വഴിവെച്ചത്. ബംഗ്ലാദേശ് താരം ഷാക്കീബ് അല്‍ ഹസന്‍ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.
നേരത്തെ കളിക്കിടെ ബംഗ്ലാദ്ശിന്റെ വിക്കറ്റ് ആഘോഷത്തിന്റെ പേരിലും ഇംഗ്ലീഷ് ക്യാപ്റ്റന്‍ കൂടിയായ ജോസ് ബട്‌ലറും ബംഗ്ലാദേശ് താരങ്ങളും തമ്മില്‍ കൈയാങ്കളിക്ക് അടുത്തെത്തിയിരുന്നു. ഇതിനുശേഷമായിരുന്നു ഹസ്തദാനത്തിനിടെയുള്ള സംഘര്‍ഷം. ഇംഗ്ലണ്ട് ബാറ്റിങിനിടെ 28ആം ഓവറിലാണ് പ്രശ്‌നങ്ങളുടെ തുടക്കം. ബംഗ്ലാദേശിന്റെ താരതമേന്യ ചെറിയ സ്‌കോറായ 238 പിന്തുടര്‍ന്ന ഇംഗ്ലണ്ട് അപ്പോള്‍ 123ന് 6 എന്ന നിലയില്‍ തകര്‍ച്ച നേരിടുകയായിരുന്നു. ഇംഗ്ലണ്ട് ബാറ്റിങ് നിരയില്‍ പിടിച്ചു നിന്ന ജോസ് ബട്ട്‌ലറായിരുന്നു(57) ക്രീസില്‍.
ടസ്‌കിന്‍ അഹമ്മദിന്റെ പന്തില്‍ ബട്ട്‌ലര്‍ വിക്കറ്റിനു മുന്നില്‍ കുരുങ്ങി. എന്നാല്‍ ഫീല്‍ഡ് അമ്പയര്‍ ഔട്ട് വിധിക്കാഞ്ഞതോടെ റിവ്യൂവിന് പോയ ബംഗ്ലാദേശ് തേര്‍ഡ് അമ്പയര്‍ ഔട്ട് വിധിച്ചതോടെ അതിരുവിട്ട ആഘോഷം തുടങ്ങി. ഇതിന് മുമ്പ് ഔട്ടിനായുള്ള ടസ്കിന്‍ അഹമ്മദിന്റെ അപ്പീല്‍ പോലും അല്‍പ്പം അതിരുവിട്ട രീതിയിലായിരുന്നു. എന്നാല്‍ തനിക്കു നേരെ ആക്രോശങ്ങളുമായുള്ള ബംഗ്ലാദേശിന്റെ വിക്കറ്റ് ആഘോഷം ബട്‌ലര്‍ക്ക് അത്ര രസിച്ചില്ല. മഹ്മൂദുല്ലയും ബട്ട്‌ലറും പരസ്പരം വാഗ്വാദത്തിനൊരുങ്ങിയതോടെ അമ്പയര്‍മാര്‍ ഇടപെട്ട് ഇവരെ പിടിച്ചു മാറ്റി.
എന്നാല്‍ പ്രശ്‌നം അവിടെയും തീര്‍ന്നില്ല. ബംഗ്ലാദേശ് ജയത്തിനൊടുവില്‍ ഹസ്തദാനത്തിനിടയില്‍ ഇത്തവണ വീണ്ടും വാഗ്വാദം. ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷാക്കീബ് അല്‍ ഹസന്‍ ഇടപെട്ട് ഇരുവരെയും ശാന്തരാക്കുകയായിരുന്നു.

