മാഞ്ചസ്റ്റര്‍: മോയിന്‍ അലിയുടെ ഓള്‍ റൗണ്ട് മികവിന് മുന്നില്‍ ദക്ഷിണാഫ്രിക്ക മുട്ടുമടക്കി. ടെസ്റ്റ് പരമ്പരയിലെ നാലാമത്തെയും അവസാനത്തെയും മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ 177 റണ്‍സിന് കീഴടക്കി ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര(3-1) സ്വന്തമാക്കി. നാലാം ദിനം 380 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം തേടിയിറങ്ങിയ ദക്ഷിണാഫ്രിക്ക 202 റണ്‍സിന് ഓള്‍ ഔട്ടായി. 69 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റെടുത്ത മോയിന്‍ അലിയാണ് ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ടത്. സ്കോര്‍ ഇംഗ്ലണ്ട് 362,243, ദക്ഷിണാഫ്രിക്ക 226,202.

തുടക്കത്തിലെ തകര്‍ച്ചയ്ക്കുശേഷം നാലാം ദിനം ഹാഷിം അംലയും(83) ക്യാപ്റ്റന്‍ ഫാഫ് ഡൂപ്ലെസിയും(63) ചെറുത്തുനിന്നപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ പ്രതീക്ഷകള്‍ക്ക് ജീവന്‍വെച്ചതായിരുന്നു. അംലയെ വിക്കറ്റിന് മുന്നില്‍ കുടുക്കിയ അലി ഇംഗ്ലണ്ട് കാത്തിരുന്ന ബ്രേക്ക് ത്രൂ സമ്മാനിച്ചു. പിന്നാലെ ഡീക്കോക്ക്(1), ഡിബ്ര്യൂയിന്‍(0), എന്നിവരെയും അലി മടക്കിയതോടെ ദക്ഷിണാഫ്രിക്ക തോല്‍വി ഉറപ്പിച്ചു.

പൊരുതിനിന്ന ക്യാപ്റ്റന്‍ ഡൂപ്ലെസിയെ(61) ആന്‍ഡ്ഴേസണ്‍ മടക്കിയതോടെ ദക്ഷിണാഫ്രിക്കന്‍ പ്രതിരോധം അവസാനിച്ചു. മോയിന്‍ അലിയാണ് കളിയിലെ കേമന്‍. ഇംഗ്ലണ്ടിന്റെ പരമ്പരയുടെ താരവും അലി തന്നെയാണ്. മോണി മോര്‍ക്കലാണ് ദക്ഷിണാഫ്രിക്കയുടെ പരമ്പരയുടെ താരം.