ചെന്നൈ: ഇന്ത്യയ്ക്കെതിരായ അവസാന ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ ഇംഗ്ലണ്ട് ഏഴിന് 352 റണ്‍സ് എന്ന നിലയിലാണ്. നാലിന് 284 റണ്‍സ് എന്ന നിലയില്‍ രണ്ടാംദിനം കളി തുടര്‍ന്ന ഇംഗ്ലണ്ടിന് സെഞ്ച്വറി നേടിയ മൊയിന്‍ അലി(146), ബെന്‍ സ്റ്റോക്ക്സ്(ആറ്), ജോസ് ബട്ട്‌ലര്‍(അഞ്ച്) എന്നിവരുടെ വിക്കറ്റുകളാണ് നഷ്‌ടമായത്. 27 റണ്‍സോടെ ലോ ഡോസനും എട്ടു റണ്‍സോടെ ആദില്‍ റഷീദുമാണ് ക്രീസിലുള്ളത്. ഇന്ത്യയ്‌ക്ക് വേണ്ടി രവീന്ദ്ര ജഡേജ മൂന്നും ഇഷാന്ത് ശര്‍മ്മ രണ്ടു വിക്കറ്റും വീഴ്‌ത്തി. ഉമേഷ് യാദവ്, ആര്‍ അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ പങ്കിട്ടു.
അഞ്ചാം ടെസ്റ്റ് സെഞ്ച്വറി നേടിയ മൊയിന്‍ അലിയുടെ ഇന്നിംഗ്സായിരുന്നു ഇംഗ്ലണ്ട് ഇന്നിംഗ്സിലെ സവിശേഷത.203 പന്തില്‍നിന്ന് ഒമ്പത് ബൗണ്ടറികള്‍ ഉള്‍പ്പടെയാണ് മൊയിന്‍ അലി സെഞ്ച്വറിയിലെത്തിയത്. പുറത്താകുമ്പോള്‍, 263 പന്തില്‍ 13 ബൗണ്ടറികളും ഒരു സിക്‌സറുമായിരുന്നു മൊയിന്‍ അലിയുടെ സമ്പാദ്യം. ഉമേഷ് യാദവിന്റെ പന്തില്‍ ജഡേജ പിടിച്ചാണ് അലി പുറത്തായത്.
ടോസ് നേടി ബാറ്റിങ് തുടങ്ങിയ ഇംഗ്ലണ്ട് ഒരവസരത്തില്‍ രണ്ടിന് 21 എന്ന നിലയില്‍ പതറുകയായിരുന്നു. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന മൊയിന്‍ അലിയും ജോ റൂട്ടും ചേര്‍ന്നാണ് ഇംഗ്ലണ്ടിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ഇരുവരും ചേര്‍ന്ന് 146 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. പിന്നീടെത്തിയ ബെയര്‍സ്റ്റോയെ കൂട്ടുപിടിച്ച് മൊയിന്‍ അലി ഇംഗ്ലീഷ് സ്‌കോര്‍ ഉയര്‍ത്തി. 49 റണ്‍സെടുത്താണ് ബെയര്‍സ്റ്റോ പുറത്തായത്.
അഞ്ചു മല്‍സരങ്ങള്‍ ഉള്‍പ്പെട്ട പരമ്പര ഇന്ത്യ നേരത്തെ സ്വന്തമാക്കിയിരുന്നു. ഈ മല്‍സരം ജയിച്ച് അപരാജിത റെക്കോര്‍ഡ് സ്വന്തമാക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ആശ്വാസ ജയം തേടിയാണ് ഇംഗ്ലണ്ട് ഈ മല്‍സരത്തിന് ഇറങ്ങിയത്.
