ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 322 റണ്‍സ് നേടി. ജോ റൂട്ടിന്‍റെ സെഞ്ച്വറിയാണ് ഇംഗ്ലണ്ടിനെ രക്ഷിച്ചത്.

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരേ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് 323 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 322 റണ്‍സ് നേടി. ജോ റൂട്ടിന്റെ സെഞ്ച്വറിയാണ് (116 പന്തില്‍ 113) ഇംഗ്ലണ്ടിനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. ഇന്ത്യക്ക് വേണ്ടി കുല്‍ദീപ് യാദവ് മൂന്ന് വിക്കറ്റ് നേടി.

ഓപ്പണര്‍മാരായ ജേസണ്‍ റോയി (40) ജോണി ബെയര്‍സ്‌റ്റോയും (38) തകര്‍പ്പന്‍ തുടക്കമാണ് ഇംഗ്ലണ്ടിന് നല്‍കിയത്. ഇരുവരും ആദ്യവിക്കറ്റില്‍ 69 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇരുവരേയും മടക്കി അയച്ച് കുല്‍ദീപ് യാദവ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. പിന്നീട് ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗനും (51 പന്തില്‍ 53) റൂട്ടും ഇംഗ്ലണ്ടിനെ മുന്നോട്ട് നയിച്ചു. എന്നാല്‍ മോര്‍ഗനെ കൂടf മടക്കി അയച്ച് കുല്‍ദീപ് മത്സരം തിരിച്ചുക്കൊണ്ടുവന്നു.

ബെന്‍ സ്റ്റോക്‌സ് (8 പന്തില്‍ 5) ജോസ് ബട്‌ലര്‍ (7 പന്തില്‍ 4), മൊയീന്‍ അലി (16 പന്തില്‍ 13) എന്നിവര്‍ പെട്ടന്ന് മടങ്ങി. യഥാക്രമം ഹാര്‍ദിക് പാണ്ഡ്യ, ഉമേഷ് യാദവ്, യൂസ്‌വേന്ദ്ര ചാഹല്‍ എന്നിവര്‍ക്കായിരുന്നു വിക്കറ്റ്. അതോടെ ഇംഗ്ലണ്ടിന്റെ റണ്‍നിരക്ക് മന്ദഗതിയിലായി. അവസാനങ്ങളില്‍ ഡേവിഡ് വില്ലി (31 പന്തില്‍ 50)യുടെ ഇന്നിങ്‌സാണ് സ്‌കോര്‍ 300 കടത്തിയത്. 

മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം ഏകദിനമാണ് ലോര്‍ഡ്‌സില്‍ നടക്കുന്നത്. ആദ്യ ഏകദിനം ഇന്ത്യ എട്ട് വിക്കറ്റിന് ജയിച്ചിരുന്നു. രോഹിത് ശര്‍മയുടെയും കുല്‍ദീപ് യാദവിന്റെയും മികവിലായിരുന്നു ഇന്ത്യന്‍ ജയം. നേരത്തെ ട്വന്റി20 പരമ്പര ഇന്ത്യ സ്വന്തമാക്കിയിരുന്നു.