ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പര ഇംഗ്ലണ്ട് തൂത്തുവാരി. അവസാന ടെസ്റ്റില്‍ പൊരുതി നോക്കിയ ലങ്കയെ 42 റണ്‍സിന് വീഴ്ത്തി  മൂന്ന് മത്സര പരമ്പര 3-0ന് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. ഇതാദ്യമായാണ് ഇംഗ്ലണ്ട് ശ്രീലങ്കയില്‍ ഒരു ടെസ്റ്റ് പരമ്പരയില്‍ സമ്പൂര്‍ണ ജയം സ്വന്തമാക്കുന്നത്. സ്കോര്‍ ഇംഗ്ലണ്ട് 336, 230, ശ്രീലങ്ക 240, 284.

കൊളംബോ: ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പര ഇംഗ്ലണ്ട് തൂത്തുവാരി. അവസാന ടെസ്റ്റില്‍ പൊരുതി നോക്കിയ ലങ്കയെ 42 റണ്‍സിന് വീഴ്ത്തി മൂന്ന് മത്സര പരമ്പര 3-0ന് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. ഇതാദ്യമായാണ് ഇംഗ്ലണ്ട് ശ്രീലങ്കയില്‍ ഒരു ടെസ്റ്റ് പരമ്പരയില്‍ സമ്പൂര്‍ണ ജയം സ്വന്തമാക്കുന്നത്. സ്കോര്‍ ഇംഗ്ലണ്ട് 336, 230, ശ്രീലങ്ക 240, 284.

327 റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്ക് 53/4 എന്ന സ്കോറില്‍ നാലാം ദിനം ബാറ്റിംഗിനിറങ്ങിയ ലങ്കക്കായി കുശാല്‍ മെന്‍ഡിസും(86), റോഷന്‍ സില്‍വയും(65) പുഷ്പകുമാരയും(42) പൊരുതിനോക്കിയെങ്കിലും മോയിന്‍ അലിയുടെയും ലീച്ചിന്റെയയും സ്പിന്നിന് മുന്നില്‍ ഒടുവില്‍ ലങ്ക മുട്ടുമടക്കി. ലങ്കയുടെ രണ്ടാം ഇന്നിംഗ്സ് 284 റണ്‍സില്‍ അവസാനിച്ചു. ഇംഗ്ലണ്ടിനായി ലീച്ചും മോയിന്‍ അലിയും നാലു വിക്കറ്റ് വീതം വീഴ്ത്തി.

അവസാന വിക്കറ്റില്‍ പുഷ്പകുമാരയും ലക്മലും ചേര്‍ന്ന് 58 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തി ഇംഗ്ലണ്ടിനെ പേടിപ്പിച്ചെങ്കിലും ചായക്കുശേഷമുള്ള ആദ്യ ഓവറില്‍ ലീച്ച് പുഷ്പകുമാരയെ മടക്കിയതോടെ ലങ്കന്‍ പ്രതീക്ഷ അവസാനിച്ചു. 2001ല്‍ നാസര്‍ ഹുസൈനുശേഷം ലങ്കയില്‍ ടെസ്റ്റ് പരമ്പര ജയിക്കുന്ന ആദ്യ നായകനായ ജോ റൂട്ട് പരമ്പര തൂത്തുവാരുന്ന ആദ്യ ഇംഗ്ലീഷ് നായകനുമായി. ഇംഗ്ലണ്ടിനായി സെഞ്ചുറി നേടിയ ജോണി ബെയര്‍സ്റ്റോ കളിയിലെ കേമനായപ്പോള്‍ ഇംഗ്ലണ്ടിന്റെ ബെന്‍ ഫോക്സ് പരമ്പരയുടെ താരമായി.

1963നുശേഷം ഇതാദ്യമായാണ് ഇംഗ്ലണ്ട് വിദേശത്ത് ഒരു ടെസ്റ്റ് പരമ്പരയില്‍ സമ്പൂര്‍ണ ജയം സ്വന്തമാക്കുന്നത്. നാട്ടില്‍ ഒരു ടെസ്റ്റ് പരമ്പരയില്‍ ലങ്ക സമ്പൂര്‍ണ തോല്‍വി വഴങ്ങുന്നത് ഇത് മൂന്നാം തവണ മാത്രമണ്. 2004ല്‍ ഓസ്ട്രേലിയയും കഴിഞ്ഞ വര്‍ഷം ഇന്ത്യയുമാണ് ലങ്കയ്ക്കെതിരെ അവരുടെ നാട്ടില്‍ മുമ്പ് സമ്പൂര്‍ണ വിജയം നേടിയ ടീമുകള്‍. ഏകദിന പരമ്പരയും(3-1) ട്വന്റി-20 പരമ്പരയും(1-0) നേരത്തെ ഇംഗ്ലണ്ട് സ്വന്തമാക്കിയിരുന്നു.