ഏകദിന പരമ്പരയിലെ ആദ്യ രണ്ട് കളികളിലും തിളങ്ങിയ കുല്‍ദീപ് യാദവിന് ടെസ്റ്റ് ടീമില്‍ ഇടം ലഭിച്ചേക്കുമെന്നാണ് സൂചന.

മുംബൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്ക് മുമ്പ് ഇന്ത്യക്ക് കനത്ത തിരിച്ചടി. അഞ്ച് ടെസ്റ്റുകളുള്ള പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങള്‍ക്ക് പേസ് ബൗളര്‍ ജസ്പ്രീത് ബൂമ്രയുടെ സേവനം ലഭ്യമാകില്ലെന്നാണ് റിപ്പോര്‍ട്ട്. അയര്‍ലന്‍ഡിനെതിരായ ആദ്യ ട്വന്റി-20ക്കിടെ വിരലിന് പരിക്കേറ്റ ബൂമ്രക്ക് ഇംഗ്ലണ്ടിനെതിരായ ട്വന്റി, ഏകദിന പരമ്പരകളും നഷ്ടമായിരുന്നു.

അതേസമയം, ഏകദിന പരമ്പരയിലെ ആദ്യ രണ്ട് കളികളിലും തിളങ്ങിയ കുല്‍ദീപ് യാദവിന് ടെസ്റ്റ് ടീമില്‍ ഇടം ലഭിച്ചേക്കുമെന്നാണ് സൂചന. യോ യോ ടെസ്റ്റില്‍ ജയിച്ച മുഹമ്മദ് ഷാമിയും ടെസ്റ്റ് ടീമില്‍ തിരിച്ചെത്തിയേക്കും. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങള്‍ക്കുള്ള ടീമിനെ സെലക്ടര്‍മാര്‍ ഇന്ന് പ്രഖ്യാപിക്കും.

റിഷഭ് പന്താണ് ടെസ്റ്റ് ടീമിലേക്ക് വിളി കാത്തിരിക്കുന്ന മറ്റൊരു യുവതാരം. വൃദ്ധിമാന്‍ സാഹക്ക് പകരക്കാരനായിട്ടായിരിക്കും പന്തിനെ ടീമിലെടുക്കുക. ദിനേശ് കാര്‍ത്തിക്കും ടെസ്റ്റ് ടീമില്‍ തുടരും. ബൂമ്രയുടെ അഭാവത്തില്‍ ബര്‍മിംഗ്ഹാംമില്‍ ആരംഭിക്കുന്ന ആദ്യ ടെസ്റ്റില്‍ ഷമി, ഭുവനേശ്വര്‍കുമാര്‍, ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ് എന്നിവര്‍ക്ക് ഇടം ലഭിച്ചേക്കും.