ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 20 ഓവറില്‍ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 250 റണ്‍സാണ് അടിച്ചെടുത്തത്

ലണ്ടന്‍: കായികലോകത്ത് ഇംഗ്ലണ്ടിന്‍റെ നല്ല കാലമാണ്. ഫുട്ബോള്‍ ലോകകപ്പില്‍ ടുണീഷ്യയ്ക്കെതിരെ തകര്‍പ്പന്‍ ജയം നേടിയതിനു പിന്നാലെ ഏകദിന ക്രിക്കറ്റിലെ റെക്കോര്‍ഡ് സ്കോറും സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ ടി ട്വന്‍റിയിലെ ഏറ്റവും ഉയര്‍ന്ന സ്കോറും ഇംഗ്ലണ്ടിന്‍റെ ചുണക്കുട്ടികള്‍ സ്വന്തമാക്കി.

ഒരു വ്യത്യാസം മാത്രം. ഫുട്ബോളിലും ഏകദിനത്തിലും പുരുഷ താരങ്ങളാണ് അഭിമാന നേട്ടം സ്വന്തമാക്കിയതെങ്കില്‍ ടി ട്വന്‍റിയില്‍ വനിതകളാണ് മികവിന്‍റെ പാരമ്യത്തിലേക്കുകയര്‍ന്നത്. ഓസ്‌ട്രേലിയക്കെതിരായ ഏകദിന മല്‍സരത്തിലാണ് പുരുഷതാരങ്ങള്‍ ലോക റെക്കോര്‍ഡ് സ്വന്തമാക്കിയതെങ്കില്‍ ദക്ഷിണാഫ്രിക്കയെയാണ് ഇംഗ്ലീഷ് പെണ്‍പുലികള്‍ക്ക് മുന്നില്‍ നാണംകെട്ടത്.

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 20 ഓവറില്‍ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 250 റണ്‍സാണ് അടിച്ചെടുത്തത്. ദക്ഷിണാഫ്രിക്കന്‍ പോരാട്ടം ആറു വിക്കറ്റിന് 129 ല്‍ അവസാനിക്കുകയും ചെയ്തു. ന്യൂസിലന്‍ഡ് കൂടി ഉള്‍പ്പെട്ട ത്രിരാഷ്ട്ര ടി ട്വന്‍റി ടൂര്‍ണമെന്‍റിലാണ് ഇംഗ്ലണ്ടിന്‍റെ ഐതിഹാസിക ബാറ്റിംഗ്.

കഴിഞ്ഞ ദിവസം കിവികള്‍ നേടിയ ഒരു വിക്കറ്റിന് 216 റണ്‍സിന്‍റെ റെക്കോര്‍ഡ് പ്രകടനമാണ് ഇംഗ്ലിഷ് വനിതകള്‍ക്ക് മുന്നില്‍ വഴിമാറിയത്. ഓപ്പണര്‍ ടാമി ബ്യുമോണ്ടിന്‍റെ തകര്‍പ്പന്‍ സെഞ്ച്വറിയാണ് ഇംഗ്ലണ്ടിന് മുതല്‍കൂട്ടായത്. 52 പന്തില്‍ നിന്നും 116 റണ്‍സാണ് ബ്യൂമോണ്ട് അടിച്ചെടുത്തത്. ഇംഗ്ലണ്ട് പുരുഷ ടീമിന്‍റെ ടി ട്വന്‍റിയിലെ ഏറ്റവും ഉയര്‍ന്ന സ്കോറായ 230 ഉം വനിതാ ടീമിന് മുന്നില്‍ തകര്‍ന്ന് വീണെന്നതാണ് മറ്റൊരു സവിശേഷത.