ജോ റൂട്ടിന്റെ സെഞ്ചുറി മികവില്‍  ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 322 റണ്‍സാണ് ഇംഗ്ലണ്ട് അടിച്ചുക്കൂട്ടിയത്.

ലണ്ടന്‍: ഇന്ത്യക്കെതിരേ രണ്ടാം ഏകദിനത്തില്‍ ഇംഗ്ലണ്ടിന് 86 റണ്‍സ് വിജയം. ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുത്തു. ജോ റൂട്ടിന്റെ സെഞ്ചുറി മികവില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 322 റണ്‍സാണ് അവര്‍ അടിച്ചുക്കൂട്ടിയത്. മറുപടി ബാറ്റിങ് ആരംഭിച്ച ഇന്ത്യ 50 ഓവറില്‍ 236 റണ്‍സിന് എല്ലാവരും പുറത്തായി. 10 ഓവറില്‍ 46 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് നേടിയ ലിയാം പ്ലങ്കറ്റാണ് ഇന്ത്യയെ തകര്‍ത്തത്.

63 പന്തില്‍ 46 റണ്‍സെടുത്ത സുരേഷ് റെയ്‌നയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. വിരാട് കോലി 56 പന്തില്‍ 45 റണ്‍സെടുത്തു. ശിഖര്‍ ധവാന്‍ (30 പന്തില്‍ 36), എം.എസ് ധോണി (59 പന്തില്‍ 37) എന്നിവരാണ് ഇന്ത്യയുടെ പ്രധാന സ്‌കോര്‍മാര്‍. രോഹിത് ശര്‍മ (26 പന്തില്‍ 15), കെ.എല്‍. രാഹുല്‍ (0), ഹാര്‍ദിക് പാണ്ഡ്യ (22 പന്തില്‍ 21) എന്നിവര്‍ക്ക് കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല. പ്ലങ്കറ്റിന് പുറമെ ആദില്‍ റാഷിദ്, ഡേവിഡ് വില്ലി എന്നിവര്‍ രണ്ടും മാര്‍ക് വുഡ്, മൊയീന്‍ അലി എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. 

ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 322 റണ്‍സ് നേടി. ജോ റൂട്ടിന്റെ സെഞ്ച്വറിയാണ് (116 പന്തില്‍ 113) ഇംഗ്ലണ്ടിനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. ഇന്ത്യക്ക് വേണ്ടി കുല്‍ദീപ് യാദവ് മൂന്ന് വിക്കറ്റ് നേടി.

ഓപ്പണര്‍മാരായ ജേസണ്‍ റോയി (40) ജോണി ബെയര്‍സ്‌റ്റോയും (38) തകര്‍പ്പന്‍ തുടക്കമാണ് ഇംഗ്ലണ്ടിന് നല്‍കിയത്. ഇരുവരും ആദ്യവിക്കറ്റില്‍ 69 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇരുവരേയും മടക്കി അയച്ച് കുല്‍ദീപ് യാദവ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. പിന്നീട് ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗനും (51 പന്തില്‍ 53) റൂട്ടും ഇംഗ്ലണ്ടിനെ മുന്നോട്ട് നയിച്ചു. എന്നാല്‍ മോര്‍ഗനെ കൂട്ി മടക്കി അയച്ച് കുല്‍ദീപ് മത്സരം തിരിച്ചുക്കൊണ്ടുവന്നു. ബെന്‍ സ്റ്റോക്‌സ് (8 പന്തില്‍ 5) ജോസ് ബട്‌ലര്‍ (7 പന്തില്‍ 4), മൊയീന്‍ അലി (16 പന്തില്‍ 13) എന്നിവര്‍ പെട്ടന്ന് മടങ്ങി. യഥാക്രമം ഹാര്‍ദിക് പാണ്ഡ്യ, ഉമേഷ് യാദവ്, യൂസ്‌വേന്ദ്ര ചാഹല്‍ എന്നിവര്‍ക്കായിരുന്നു വിക്കറ്റ്. അതോടെ ഇംഗ്ലണ്ടിന്റെ റണ്‍നിരക്ക് മന്ദഗതിയിലായി. അവസാനങ്ങളില്‍ ഡേവിഡ് വില്ലി (31 പന്തില്‍ 50)യുടെ ഇന്നിങ്‌സാണ് സ്‌കോര്‍ 300 കടത്തിയത്. 

ആദ്യ ഏകദിനം ഇന്ത്യ എട്ട് വിക്കറ്റിന് ജയിച്ചിരുന്നു. രോഹിത് ശര്‍മയുടെയും കുല്‍ദീപ് യാദവിന്റെയും മികവിലായിരുന്നു ഇന്ത്യന്‍ ജയം. നേരത്തെ ട്വന്റി20 പരമ്പര ഇന്ത്യ സ്വന്തമാക്കിയിരുന്നു.