ലണ്ടന്‍‍‍: യൂറോപ്പാ ലീഗില്‍ എസി മിലാനെ ഒന്നിനെതിരെ മൂന്ന് ഗോളിന് തകര്‍ത്ത് ആഴ്സണല്‍ ക്വാര്‍ട്ടറില്‍. ഡെന്നി വെല്‍ബാക്കിന്റെ ഇരട്ട ഗോള്‍ മികവിലാണ് ആഴ്സണലിന് അനായാസ ജയം നേടാനായത്. മിലാനായി ഹക്കാന്‍ കലഹനാഗു ആശ്വാസ ഗോള്‍ നേടി. ഇരുപാദങ്ങളിലുമായി ഒന്നിനെതിരെ അഞ്ച് ഗോളുകളുടെ ലീഡുമായാണ് ആഴ്സണലിന്‍റെ ക്വാര്‍ട്ടര്‍ പ്രയാണം.

ആഴ്‌സണല്‍ മൈതാനിയില്‍ ഹക്കാന്‍ കലഹനാഗുവിലൂടെ എസി മിലാനാണ് ആദ്യം മുന്നിലെത്തിയത്. മൂന്ന് മിനുറ്റുകളുടെ ഇടവേളയില്‍ പെനാള്‍ട്ടിയിലൂടെ തിരിച്ചടിച്ച് വെല്‍ബാക്ക് ആഴ്സണലിന് തുല്യതയുറപ്പിച്ചു. രണ്ടാം പകുതിയുടെ 71-ാം മിനുറ്റില്‍ ഗ്രാനിറ്റ് ആഴ്സണലിന്‍റെ രണ്ടാം ഗോള്‍ നേടി. പൂര്‍ണസമയത്തിന് നാല് മിനുറ്റ് ബാക്കിനില്‍ക്കേ വെല്‍ബാക്കിലൂടെ ആഴ്സണല്‍ ഗോള്‍പട്ടിക പൂര്‍ത്തിയാക്കുകയായിരുന്നു.