1998 ജൂലൈ നാലിന് റാഡോ ഓപ്പണിലെ കളിമണ്‍ കോര്‍ട്ടില്‍ ലോകം കാത്തിരുന്ന ടെന്നീസ് മത്സരം. ദിവസങ്ങള്‍ക്കു മുമ്പ് നടന്ന ജൂനിയര്‍ വിബിള്‍ഡണില്‍ സിംഗിള്‍സിലും ഡബിള്‍സിലും കപ്പുയര്‍ത്തി പ്രൊഫഷണല്‍ ടെന്നീസില്‍ അരങ്ങേറ്റം കുറിച്ച 16കാരന്‍റെ പ്രകടനം കാണാനാണ് ടെന്നീസ് ആരാധകര്‍ കാത്തിരുന്നത്. എന്നാല്‍ 702ആം റാങ്കുകാരനായ കൗമാര താരത്തിനെതിരെ മത്സരിക്കാനെത്തിയത് ലോക 88ആം നമ്പര്‍ താരം ലൂക്കാസ് അര്‍ണോള്‍ഡ് കേര്‍. പരിചയസമ്പന്നനായ കേര്‍ വെറും 80 മിനിറ്റിനുള്ളില്‍ 6-4, 6-4 എന്ന ക്രമത്തില്‍ ആ പയ്യനെ തോല്പിച്ചു. അന്ന് തലതാഴ്ത്തി മടങ്ങിയത് പിന്നീട് ലോകം കണ്ട ഏറ്റവും മികച്ച പുരുഷ ടെന്നീസ് താരമായി വളര്‍ന്ന റോജര്‍ ഫെഡറര്‍ എന്ന ഇതിഹാസമായിരുന്നു.
തന്റെ ആദ്യ എടിപി ടൂറില്‍ പരാജയമറിഞ്ഞ ഫെഡററെക്കുറിച്ച് എതിരാളിയായ അര്‍ജന്‍റീനയുടെ ലൂക്കാസ് അര്‍ണോള്‍ഡ് കേര്‍ അന്ന് പറഞ്ഞതിങ്ങനെ. 'അവന് 49 ശതമാനം ഫസ്റ്റ് സര്‍വുകളെ പൂര്‍ത്തീകരിക്കാനാകുന്നുള്ളൂ. ലക്ഷ്യത്തിലേക്കെത്താന്‍ വളരെയധികം പരിശ്രമം ആവശ്യമാണ്'. എന്നാല്‍ റാഡോ ഓപ്പണിലെ അദ്യ റൗണ്ടില്‍ നേരിട്ട പരാജയം ഫെഡററെ തളര്‍ത്തിയില്ല. 16 കാരന്റെ വിജയം കാണാന്‍ കാത്തിരുന്ന കാണികളെ പിന്നീടൊരിക്കലും ഫെഡറര്‍ നിരാശരാക്കിയുമില്ല എന്നതാണ് സത്യം. ആ വര്‍ഷം ജൂനിയര്‍ തലത്തിലെ ഒന്നാം നമ്പര്‍ താരമായാണ് ഫെഡറര്‍ സീസണ്‍ അവസാനിപ്പിച്ചത്. തൊട്ടടുത്ത വര്‍ഷം ലോകത്തെ മികച്ച 100 താരങ്ങളുടെ പട്ടികയില്‍ ഇടം നേടിയ ഫെഡറര്‍ രണ്ട് വര്‍ഷം കൊണ്ട് ലോകത്തിലെ മികച്ച 10 താരങ്ങളിലൊരാളായി മാറി.
എന്നാല്‍ 21ആം വയസ്സില്‍ കോച്ചും സുഹൃത്തുമായ പീറ്റര്‍ കാര്‍ക്കറെ ദക്ഷിണാഫ്രിക്കയിലുണ്ടായ കാറപകടത്തില്‍ ഫെഡററിന് നഷ്ടമായി. മനസിനെ ഏറെ തളര്‍ത്തിയ സംഭവമായിരുന്നു അത്. എന്നാല്‍ ആ ദുരന്തത്തില്‍നിന്ന് വളരെപെട്ടെന്ന് ഫെഡറര്‍ കരകയറി. 2002 മുതല്‍ തുടര്‍ച്ചയായി 15 വര്‍ഷവും ആദ്യ പത്ത് റാങ്കില്‍ ഫെഡററുണ്ടായിരുന്നു. 2004ലെ ഓസ്ട്രേലിയന്‍ ഓപ്പണ്‍ വിജയത്തോടെ കരിയറിലാദ്യമായി ഒന്നാം റാങ്കിലെത്തിയ ഫെഡറര്‍ ലോക ഒന്നാം നമ്പര്‍ പദവി തുടര്‍ച്ചയായി 302 ആഴ്ചകളോളമാണ് സ്വന്തം പേരില്‍ നിലനിര്‍ത്തിയത്.
2010നു ശേഷം നേരിട്ട പരിക്കിന്റെ പരീക്ഷണങ്ങളെയും വേഗമാര്‍ന്ന എയ്സിലൂടെ ഫെഡറര്‍ മറികടന്നു. 35 വയസായിട്ടും ഫെഡറര്‍ കിരീടങ്ങള്‍ കൊണ്ട് ഞെട്ടിച്ചുകൊണ്ടേയിരുന്നു. 19 വര്‍ഷത്തെ കരിയറിനിടയില്‍ 26 മാസ്റ്റേഴ്സ് കിരീടങ്ങളും 19 ഗ്രാന്‍സ്ലാം കിരീടങ്ങളും ഫെഡറര്‍ നേടി. ഇതില്‍ എട്ട് വിബിള്‍ഡണ്‍ കിരീടങ്ങളും ഉള്‍പ്പെടുന്നു. വിബിള്‍ഡണില്‍ നൂറ്റിരണ്ടും മെല്‍ബണില്‍ നൂറും യുഎസ് ഓപ്പണില്‍ 81 മത്സരങ്ങളുമാണ് ഫെഡറര്‍ ഇതിനോടകം പൂര്‍ത്തിയാക്കിയത്. 19 വര്‍ഷങ്ങള്‍ക്ക് മുമ്പത്തെ ലൂക്കാസ് അര്‍ണോള്‍ഡ് കേറിന്റെ ഉപദേശം ഫെഡറര്‍ മറന്നിട്ടില്ല. പിന്നിട്ട വഴികള്‍ നല്‍കിയ അനുഭവങ്ങള്‍ തന്നെയാണ് പ്രായം തളര്‍ത്താത്ത ഫെഡററുടെ കുതിപ്പിന് ഊര്‍ജ്ജമാകുന്നത്.
