ഇന്ത്യയെ നേരിടാനിറങ്ങുന്ന ഓസ്ട്രേലിയക്ക് ഉപദേശവുമായി ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡൂപ്ലെസി. ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ പ്രകോപിപ്പിക്കാതിരിക്കുന്നതാണ് ഓസ്ട്രേലിയക്ക് നല്ലതെന്ന് ഡൂപ്ലെസി പറഞ്ഞു.

മെല്‍ബണ്‍: ഇന്ത്യയെ നേരിടാനിറങ്ങുന്ന ഓസ്ട്രേലിയക്ക് ഉപദേശവുമായി ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡൂപ്ലെസി. ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ പ്രകോപിപ്പിക്കാതിരിക്കുന്നതാണ് ഓസ്ട്രേലിയക്ക് നല്ലതെന്ന് ഡൂപ്ലെസി പറഞ്ഞു.

രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റുമുട്ടലുകള്‍ എപ്പോഴും ഇഷ്ടപ്പെടുന്ന ചില കളിക്കാരുണ്ട്. ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും അത്തരത്തിലുള്ള കളിക്കാരനാണ്. ഏറ്റുമുട്ടാനെത്തുന്നവരോട് അതേ നാണയത്തില്‍ മറുപടി നല്‍കാനാഗ്രഹിക്കുന്നയാള്‍. അങ്ങനെയുള്ള ഒന്നോ രണ്ടോ പേര്‍ എല്ലാ ടീമിലുമുണ്ടാവും. അതുകൊണ്ടുതന്നെ കോലിയെ പ്രകോപിക്കുന്ന രീതിയില്‍ ഒന്നും പറയാതിരിക്കുന്നതാണ് ഓസ്ട്രേലിയക്ക് നല്ലത്. അല്ലെങ്കില്‍ കോലി നിങ്ങള്‍ക്ക് തിരിച്ചടി നല്‍കും-ഡൂപ്ലെസി പറഞ്ഞു.

കോലി, അസാമാന്യ പ്രതിഭയുളള കളിക്കാരനാണ്. ദക്ഷിണാഫ്രിക്കയിലെത്തിയപ്പോള്‍ അദ്ദേഹത്തെ പ്രകോപിക്കാതിരിക്കാനായിരുന്നു ഞങ്ങള്‍ ശ്രദ്ധിച്ചത്. എന്നിട്ടും അദ്ദേഹം റണ്‍സ് സ്കോര്‍ ചെയ്തു. പക്ഷെ, സെഞ്ചൂറിയനിലെ സെഞ്ചുറി ഒഴിച്ചാല്‍ കോലിക്ക് ദക്ഷിണാഫ്രിക്കയില്‍ വലിയ സ്കോര്‍ നേടാന്‍ കഴിഞ്ഞില്ല. അദ്ദേഹത്തെ നിശബ്ദമായി നേരിട്ടതുകൊണ്ടാണത് എന്നാണ് തങ്ങളുടെ വിശ്വാസമെന്നും ഡൂപ്ലെസി പറഞ്ഞു.

2014ലെ ഓസീസ് പര്യടനത്തില്‍ വിരാട് കോലിയും ഓസീസ് പേസര്‍ മിച്ചല്‍ ജോണ്‍സണും തമ്മിലുള്ള വാക് പോര് പരമ്പരയെ ചൂടുപിടിപ്പിച്ചിരുന്നു. അന്ന് നാല് സെഞ്ചുറിയുമായാണ് കോലി ഓസീസില്‍ നിന്ന് മടങ്ങിയത്.