വിരമിക്കല്‍ എപ്പോഴെന്ന സൂചന നല്‍കി ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡു പ്ലസിസ്. ഓസ്‌ട്രേലിയയില്‍ 2020ല്‍ നടക്കുന്ന ടി20 ലോകകപ്പോടെ വിരമിക്കുമെന്ന് ഫാഫ് പറയുന്നു...
ബ്രിസ്‌ബെയിന്‍: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ എപ്പോഴെന്ന സൂചന നല്‍കി ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡു പ്ലസിസ്. ഓസ്‌ട്രേലിയയില്‍ 2020ല്‍ നടക്കുന്ന ടി20 ലോകകപ്പോടെ വിരമിക്കുമെന്ന് ഫാഫ് സൂചന നല്‍കി. ടി20 ലോകകപ്പില്‍ ശക്തരായി തിരിച്ചെത്തുമെന്നാണ് പ്രതീക്ഷയെന്നും ഇതായിരിക്കാം തന്‍റെ അവസാന വിദേശ ടൂര്‍ണമെന്‍റെ് എന്നും ഡുപ്ലസി പറഞ്ഞു.

ടി20യില്‍ ദക്ഷിണാഫ്രിക്കയെ സംബന്ധിച്ച് കഴിഞ്ഞ രണ്ടുമൂന്ന് വര്‍ഷങ്ങള്‍ യുവതാരങ്ങള്‍ക്ക് അവസരം നല്‍കാനുള്ള കാലമായിരുന്നു. അതിനാല്‍ തങ്ങളുടെ ശക്തമായ ഇലവനെ കളിപ്പിക്കാനായിട്ടില്ല. ഇത് അന്താരാഷ്ട്ര മത്സരങ്ങളില്‍ തളര്‍ത്തിയെന്നും മൂന്ന് ഫോര്‍മാറ്റുകളിലും പ്രോട്ടീസിനെ നയിക്കുന്ന സീനിയര്‍ താരം പറഞ്ഞു. ബ്രിസ്‌ബെയിനില്‍ ഓസീസിനെതിരായ ഏക ടി20ക്ക് മുന്‍പാണ് ഫാഫ് മനസുതുറന്നത്.
ഏകദിനത്തില്‍ 2011ലും ടെസ്റ്റിലും ടി20യിലും 2012ലുമായിരുന്നു ഡുപ്ലസിയുടെ അന്താരാഷ്ട്ര അരങ്ങേറ്റം. 2020ല്‍ വിരമിക്കാന്‍ തീരുമാനിച്ചാല്‍ 36 വയസുണ്ടാകും ദക്ഷിണാഫ്രിക്കന്‍ നായകന്‍.
