പൂന: ഇന്ത്യൻ സൂപ്പർ ലീഗിൽ പൂന എഫ്സിക്കെതിരേ കേരള ബ്ലാസ്റ്റേഴ്സിന് സമനിലക്കുരുക്ക്. ഓരോ ഗോൾ വീതം നേടിയാണ് ഇരുടീമുകളും സമനിലയിൽ പിരിഞ്ഞത്. കളിയുടെ തുടക്കത്തിൽ നേടിയ ലീഡ് കളഞ്ഞുകുളിച്ച് കേരള ബ്ലാസ്റ്റേഴ്സ് വിലപ്പെട്ട മൂന്നു പോയിന്റ് നഷ്‌ടപ്പെടുത്തുകയായിരുന്നു. കളിയുടെ മൂന്നാം മിനിറ്റിൽ സെഡ്രിക്ക ഹംബർട്ടിലൂടെ കേരളം ലീഡ് സ്വന്തമാക്കി. എന്നാൽ 68–ാം മിനിറ്റിൽ സിസോക്കോയിലൂടെ പൂന സമനില പിടിച്ചു. വിജയഗോളിനായി ഇരുടീമുകളും കിണഞ്ഞു ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

മൂന്നാം സീസണിൽ കേരളത്തിന്റെ രണ്ടാം ഗോളാണ് മത്സരത്തിന്റെ മൂന്നാം മിനിറ്റിൽ പിറന്നത്. അന്റോണിയോ ജർമ്മനും ഫാറൂഖ് ചൗധരിയും പകരക്കാരായി എത്തിയപ്പോൾ ബ്ലാസ്റ്റേഴ്സ് ഉണർന്നു.ഫാറൂഖ് ഗോളിനരികെ. 71 മിനിറ്റ് ചാൻസ് കൂട്ടപ്പൊരിച്ചിലുകൾ പിന്നെയും ഏറെ നടന്നെങ്കിലും ഒന്നുംഗോൾവര കടന്നില്ല. ഓരോ പോയിന്റ് പങ്കുവച്ച് മടക്കം. ഇനി തിങ്കളാഴ്ച ഗോവയ്ക്കെതിരെ, അവരുടെ തട്ടകത്തിൽ.

അഞ്ചു മത്സരങ്ങളിൽനിന്ന് അഞ്ചുപോയിന്റുമായി അഞ്ചാം സ്‌ഥാനത്താണ് ബ്ലാസ്റ്റേഴ്സ് ഇപ്പോൾ. ഒരു ജയവും രണ്ടു സമനിലയും രണ്ട് തോൽവിയുമാണ് ബ്ലാസ്റ്റേഴ്സിന്റെ അക്കൗണ്ടിലുള്ളത്. നാലു മത്സരങ്ങളിൽനിന്നു നാലു പോയിന്റുള്ള പൂന ഏഴാം സ്‌ഥാനത്തുണ്ട്. അഞ്ചു മത്സരങ്ങളിൽനിന്നു 10 പോയിന്റുള്ള നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് പോയിന്റ് പട്ടികയിൽ ഒന്നാം സ്‌ഥാനത്തു നിൽക്കുന്നത്.