മാഡ്രിഡ്: സാന്‍റിയാഗോ ബെര്‍ണബ്യുവിലെ മൈതാന യുദ്ധത്തില്‍ ആദ്യ പകുതി ഗോള്‍രഹിതം. ബാഴ്സിലോണ പതിവ് മികവില്‍ നിന്ന് നിറംമങ്ങിയപ്പോള്‍ വേഗമാര്‍ന്ന നീക്കങ്ങളുമായി റയല്‍ സ്വന്തം മൈതാനിയില്‍ മികവ് കാട്ടി. ബെര്‍ണബ്യുവില്‍ കളിയാരവം ഉണര്‍ന്നത് റയല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഓഫ് സൈഡ് ഗോളോടെ.
വിസില്‍ മുഴങ്ങി രണ്ടാം മിനുറ്റില്‍ റൊണാള്‍ഡോ ബാഴ്സയെ ഞെട്ടിച്ച് വലകുലുക്കി. കോര്‍ണ്ണറില്‍ നിന്ന് ഉയര്‍ന്നുവന്ന പന്ത് മനോഹരമായി റൊണോ വലയിലാക്കി. എന്നാല്‍ റയല്‍ ആരാധകരെ സ്തംബധരാക്കി റഫറി ഓഫ് സൈഡ് വിളിച്ചു. പിന്നീടും മികച്ച നീക്കങ്ങളുമായി റയല്‍ ബാഴ്സിലോണ ഗോള്‍മുഖത്തേക്ക് കുതിച്ചെങ്കിലും ഗോള്‍ മാത്രം പിറന്നില്ല.
മറുവശത്ത് ആദ്യ പകുതിയില്‍ കിതയ്ക്കുന്ന ബാഴ്സയെയാണ് ബെര്‍ണബ്യുവില്‍ കണ്ടത്. 30-ാം മിനുറ്റില്‍ മെസിയുടെ പാസില്‍ നിന്ന് ഫിനിഷ് ചെയ്യാനുള്ള പൗളീഞ്ഞോയുടെ ശ്രമം ഗോളി റയല്‍ ഗോളി നവാസ് തട്ടിയകറ്റി. 35-ാം മിനുറ്റില്‍ ക്രിസ്റ്റ്യാനോ നല്‍കിയ ക്രോസ് കരിം ബെന്‍സിമയ്ക്ക് മുതലാക്കാനായില്ല. 39-ാം മിനുറ്റില്‍ വീണ്ടും പൗളീഞ്ഞോ റയല്‍ ഗോള്‍മുഖത്തേക്ക് ഹെഡര്‍ തെടുത്തുവിട്ടു.
മധ്യനിരയില്‍ ലൂക്കോ മോഡ്രിച്ചിന്‍റെ തന്ത്രങ്ങളാണ് റയലിന് ആദ്യ പകുതിയില്‍ മുന്‍തൂക്കം നല്‍കിയത്. എന്നാല്‍ 20-ാം മിനുറ്റില്‍ ക്രിസ്റ്റ്യാനോയുടെ വണ്‍മാന്‍ ഷോയ്ക്കുള്ള ശ്രമം ഫലം കാണാതെ പോയി. അതേസമയം ബാഴ്സിലോണയുടെ സൂപ്പര്‍താരം ലിയോണല്‍ മെസിയെ വിദഗ്ധമായി പൂട്ടാന്‍ റയല്‍ പ്രതിരോധത്തിനായി. ബാഴ്സിലോണ നിരയില്‍ പ്രതിരോധതാരം പിക്വേയുടെ ഇടപെടലുകള്‍ റയലിന് തടസമായി.
