മോശം ഫോമിനെ തുടര്‍ന്ന് ധോണി ഏകദിന ടീമില്‍ നിന്ന് പുറത്താകുമോ എന്ന ആശങ്കകള്‍ക്കിടെ പ്രതികരിച്ച് മുന്‍ നായകന്‍ ദിലീപ് വെങ്സര്‍ക്കാര്‍. അഭ്യന്തര ക്രിക്കറ്റില്‍ തുടരാതെ ധോണിക്ക് നേരിട്ട് അന്താരാഷ്ട്ര മത്സരങ്ങളില്‍ ഫോം കണ്ടെത്താന്‍ കഴിയില്ലെന്ന് ചീഫ് സെലക്‌ടര്‍ കൂടിയായിരുന്ന താരം വിമര്‍ശിക്കുന്നു.  

മുംബൈ: ടി20 ടീമില്‍ നിന്ന് പുറത്തായതോടെ എംഎസ് ധോണിയുടെ ഏകദിന ഭാവിയും ചോദ്യചിഹ്‌നമാവുകയാണ്. ഫോമിലല്ലാത്തതാണ് ധോണിയുടെ ഏകദിന കരിയറിനെ കുറിച്ച് ആശങ്കകള്‍ സൃഷ്‌ടിക്കുന്നത്. ഫിറ്റ്‌നസ് നിലനിര്‍ത്തുമ്പോഴും ബാറ്റിംഗില്‍ പ്രതാപകാലത്തിന്‍റെ നിഴലില്‍ മാത്രമാണ് ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നായകനും ഫിനിഷറുമായ 'തല'. വിന്‍ഡീസിനെതിരായ പരമ്പരയിലും ആരാധകരെ ധോണി നിരാശപ്പെടുത്തി. 

ധോണിയുടെ ഫോമിനെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ നായകനും മുഖ്യ സെലക്‌ടറുമായിരുന്ന ദിലീപ് വെങ്സര്‍ക്കാര്‍ രംഗത്തെത്തി. 'ധോണി ഫിറ്റാണ്, എന്നാല്‍ ഫോമിലല്ല. എല്ലാ ഫോര്‍മാറ്റിലും അഭ്യന്തര ക്രിക്കറ്റിലും കളിക്കാത്തതാണ് ഈ മങ്ങിയ പ്രകടനത്തിന് കാരണം. അഭ്യന്തര ക്രിക്കറ്റില്‍ കളിക്കാതെ അന്താരാഷ്ട്ര മത്സരങ്ങളില്‍ നേരിട്ടെത്തി മികവ് കാട്ടുക പ്രയാസമാണ്'. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ മുന്‍ നായകന്‍ പറഞ്ഞു. 

മുപ്പത്തിയേഴുകാരനായ ധോണിക്ക് 2018ല്‍ ഇതുവരെ ഒരു അര്‍ദ്ധ സെഞ്ചുറി പോലും നേടാനായിട്ടില്ല. ഏഷ്യാകപ്പില്‍ ഹോംങ്കോംഗ്, ബംഗ്ലാദേശ് എന്നീ താരതമ്യേന ദുര്‍ബലരായ ടീമുകളോട് പോലും ധോണിയുടെ ബാറ്റ് തിളങ്ങിയില്ല. നടന്നുകൊണ്ടിരിക്കുന്ന വിന്‍ഡീസ് പരമ്പരയില്‍ 20, 7 എന്നിങ്ങനെയായിരുന്നു എംഎസ്‌ഡിയുടെ സ്‌കോര്‍.