മാഡ്രിഡ്: ഉറുഗ്വെയ്ക്കെതിരെ ബ്രസീല്‍ ലോകകപ്പില്‍(2014) തകര്‍പ്പന്‍ ഗോള്‍ നേടി വരവറിയിച്ച താരമാണ് കൊളംബിയയുടെ ജെയിംസ് റോഡ്രിഗസ്. മികച്ച ഗോളിനുള്ള ആ വര്‍ഷത്തെ പുഷ്‌കാസ് പുരസ്കാരം ഇതിലൂടെ താരം സ്വന്തമാക്കി. ലോക ഫുട്ബോളിലെ വരുംകാല പ്രതിഭയായി പലരും ജെയിംസ് റോഡ്രിഗസിനെ വിശേഷിപ്പിച്ചു. പിന്നാലെ കണ്ടത് വലിയ പ്രതീക്ഷയോടെ യൂറോപ്പിലെ സൂപ്പര്‍ താര ക്ലബായ റയല്‍ മാഡ്രിഡിലേക്ക് റോഡ്രിഗസ് ചോക്കേറുന്നതാണ്.
എന്നാല്‍ മിക്കപ്പോഴും പകരക്കാരന്‍റെ ബഞ്ചിലാണ് റോഡ്രിഗസിനെ കണ്ടത്. അതിനാല്‍ റയലില്‍ അത്ര സുഖമുള്ള ഓർമകളലല്ല റോഡ്രിഗസിനുള്ളത്. മികച്ച പ്രകടനങ്ങൾ പുറത്തെടുത്തിട്ടും താരനിബിഡമായ റയലിൽ പ്രതിഭ പ്രകടിപ്പിക്കാനുള്ള അവസരം താരത്തിന് ലഭിച്ചില്ല. പരിശീലകനായി സിനദീന്‍ സിദാന്‍ സ്ഥാനമേറ്റെങ്കിലും ജെയിംസിന്‍റെ അവസ്ഥ കൂടുതല്‍ വഷളാകുകയാണ് ചെയ്തത്.
ടോണി ക്രൂസ്, ലൂക്കോ മോഡ്രിച്ച്, കസമിറോ എന്നിവരടങ്ങിയ മധ്യനിര റയലിന്‍റെ സ്ഥിരം പ്ലെയിംഗ് ഇലവനായി. അതോടെ പകരക്കാരന്‍റെ റോളിനായി കാത്തിരിക്കേണ്ടിവന്നു. തനിക്ക് ടീമില്‍ സിദാന്‍ ഒരു പരിഗണനയും നലികിയിരുന്നില്ല എന്നാണ് ജെയിംസ് റോഡ്രിഗസിന്‍റെ പുതിയ വെളിപ്പെടുത്തല്‍. സ്‌പാനിഷ് മാധ്യമം മാർക്കയോട് റോഡ്രിഗസ് വെളിപ്പെടുത്തല്‍ നടത്തിയത്. റയല്‍ വിട്ട താരം ബയേണിനായാണ് ഇപ്പോള്‍ കളിക്കുന്നത്.
