ഒരു വര്‍ഷത്തിന് ശേഷമുള്ള തിരിച്ചുവരവ്
ലണ്ടന്: ഇംഗ്ലണ്ടിന്റെയും ചെല്സിയുടെയും ഇതിഹാസ താരം ഫ്രാങ്ക് ലംപാര്ഡ് ഇനി തിളങ്ങുക പരിശീലക കുപ്പായത്തില്. ഇംഗ്ലീഷ് ക്ലബ് ഡെര്ബി കൗണ്ടിയുമായി മൂന്നു വര്ഷത്തെ കരാറാണ് ലംപാര്ഡ് ഒപ്പിട്ടിരിക്കുന്നത്. അമേരിക്കന് മേജര് സോക്കര് ലീഗില് ന്യൂയോര്ക്ക് സിറ്റിക്കുവേണ്ടി അവസാനമായി ബൂട്ടണിഞ്ഞ ലംപാര്ഡ് കഴിഞ്ഞ വര്ഷം ഫെബ്രുവരിയില് അപ്രതീക്ഷിതമായാണ് വിരമിക്കല് തീരുമാനം പ്രഖ്യാപിച്ചത്.
ഇതിനു ശേഷം ഉടന് പരിശീലക കുപ്പായത്തില് എത്തുമെന്ന് കരുതിയിരുന്നെങ്കിലും ഒരു വര്ഷത്തോളം കളത്തിനു പുറത്തു നിന്ന ശേഷമാണ് ലംപാര്ഡിന്റെ തിരിച്ചു വരവ്. ലംപാര്ഡിനെ പരിശീലകനായി നിയമിച്ച കാര്യം ഡെര്ബി കൗണ്ടി ഒൗദ്യോഗികമായി സ്ഥിരീകരിച്ചു. ഗാരി റൗട്ട് ഒഴിഞ്ഞതിന് ശേഷം പരിശീലകനില്ലാതെയാണ് ഡെര്ബി കൗണ്ടി കളിച്ചിരുന്നത്. ചരിത്രമേറെയുള്ള ഡെര്ബി കൗണ്ടി പോലെയൊരു ക്ലബ്ബിലെ പരിശീലിപ്പിക്കുകയെന്നത് തന്റെ ആഗ്രഹമായിരുന്നെന്നും വലിയ അവസരമാണ് കെെവന്നിരിക്കുന്നതെന്നും ലംപാര്ഡ് പ്രതികരിച്ചു.
വെസ്റ്റ്ഹാം യുണെെറ്റഡില് കളി തുടങ്ങിയ ലംപാര്ഡ് വായ്പ അടിസ്ഥാനത്തില് സ്വാന്സി സിറ്റിക്കായി കളിച്ച ശേഷം തന്റെ സുവര്ണ കാലഘട്ടം മുഴുവന് ചെല്സിയുടെ നീലക്കുപ്പായമാണ് അണിഞ്ഞത്. പിന്നീട് മാഞ്ചസ്റ്റര് സിറ്റിയിലേക്കും പോയ ശേഷമാണ് അമേരിക്കന് മേജര് സോക്കര് ലീഗിലേക്ക് ചുവുടു മാറ്റിയത്. ഇംഗ്ലണ്ടിനായി 106 മത്സരങ്ങളില് അദ്ദേഹം പന്തു തട്ടി. പ്രീമിയര് ലീഗിന് താഴെയുള്ള ഇംഗ്ലീഷ് ഫു്ടബോള് ലീഗിലാണ് ഡെര്ബി കൗണ്ടി കളിക്കുന്നത്.
