ദക്ഷിണാഫ്രിക്കയെ അവരുടെ നാട്ടിൽ നേരിടാനൊരുങ്ങുന്ന ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ വിരാട് കോലിയ്‌ക്ക് മുന്നറിയിപ്പുമായി മുൻനായകൻ സൗരവ് ഗാംഗുലി. ക്ഷമയോടെ കാത്തിരുന്നാൽ മാത്രമെ ഇന്ത്യൻ ബൗളര്‍മാര്‍ക്ക് ദക്ഷിണാഫ്രിക്കയിൽ വിക്കറ്റെടുക്കാനും തിളങ്ങാനുമാകുവെന്ന് ദാദ പറഞ്ഞു. ഇന്ത്യയിൽ ജയിക്കുന്നതും വിദേശത്ത് ജയിക്കുന്നതും വ്യത്യസ്തമാണ്. ദക്ഷിണാഫ്രിക്കൻ പര്യടനം ബാറ്റ്‌സ്‌മാനെന്ന നിലയിൽ കോലിയ്‌ക്ക് ഒരു പരീക്ഷണമല്ല, പക്ഷേ ക്യാപ്റ്റനെന്ന നിലയിൽ ഒരു അഗ്നിപരീക്ഷ തന്നെയായിരിക്കുമെന്നും ഗാംഗുലി പറഞ്ഞു. സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ കോലിയ്‌ക്കും ടീമിനും കുറച്ച് സമയമെടുക്കും. മുൻ കാലങ്ങളിൽ ദക്ഷിണാഫ്രിക്കയിൽ കളിക്കാൻപോയ താൻ ഉള്‍പ്പെടെയുള്ള കളിക്കാര്‍ക്കെല്ലാം ഈ പ്രശ്‌നമുണ്ടായിരുന്നുവന്നും ഗാംഗുലി പറഞ്ഞു. ഇന്ത്യയിലേത് പോലെ എല്ലാം പ്രതീക്ഷിക്കുന്നപോലെ ദക്ഷിണാഫ്രിക്കയിൽ നടക്കില്ല. ക്ഷമയോടെ കാത്തിരുന്നാൽ മാത്രമെ, നമുക്ക് കളിയിൽ പിടിമുറുക്കാനാകുവെന്നും അദ്ദേഹം പറഞ്ഞു. സ്‌പിന്നര്‍മാരെയും പേസര്‍മാരെയും നന്നായി ഉപയോഗിക്കാൻ കോലിയ്‌ക്ക് സാധിക്കണം. ക്യാപ്റ്റൻസിയിൽ, കോലിയെ സഹായിക്കാൻ രവി ശാസ്‌ത്രിക്ക് സാധിക്കുമെന്നും ഗാംഗുലി പറഞ്ഞു. എതിര്‍ ബാറ്റ്‌സ്‌മാൻമാരെ തുടര്‍ച്ചയായി ഓഫ് സൈഡിൽ കളിപ്പിക്കാൻ ബൗളര്‍മാര്‍ക്ക് കഴിയണം. ക്ഷമയോടെ കാത്തിരുന്നാൽ ഇന്ത്യൻ ബൗളര്‍മാര്‍ക്ക് വിക്കറ്റുകള്‍ ലഭിക്കുമെന്നും ഗാംഗുലി പറഞ്ഞു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നു മൽസരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്ക് ജനുവരി അഞ്ചിന് കേപ്ടൗണിൽ തുടക്കമാകും.