ലണ്ടന്‍: വിംബിള്‍ഡണിലെ പ്രായം കൂടിയ കിരീട ജേതാവെന്ന നേട്ടം വീനസിനെ കൈയൊഴിഞ്ഞു.വനിതാ സിംഗിള്‍സ് ഫൈനലില്‍ വീനസിനെ കീഴടക്കി സ്‌പാനിഷ് താരം ഗാര്‍ബൈന്‍ മുഗുരുസ കിരീടം ചൂടി. നേരിട്ടുള്ള സെറ്റുകളിലായിരുന്നു മുഗുരുസയുടെ കീരിടനേട്ടം. സ്കോര്‍ 7-5, 6-0.

ഒപ്പത്തിനൊപ്പമുള്ള പോരാട്ടമാണ് ആദ്യ സെറ്റില്‍ കണ്ടതെങ്കില്‍ രണ്ടാം സെറ്റില്‍ വീനസിനെ തീര്‍ത്തും നിഷ്പ്രഭമാക്കിയാണ് മുഗുരുസയുടെ കിരീട നേട്ടം. മുഗുരുസയുടെ രണ്ടാം ഗ്രാന്‍സ്ലാം കിരീടമാണിത്. 2016ല്‍ ഫ്രഞ്ച് ഓപ്പണിലും 23കാരിയായ മുഗുരുസ കിരീടം നേടിയിരുന്നു.

2015ലെ വിംബിള്‍ഡണ്‍ ഫൈനലില്‍ വീനസിന്റെ സഹോദരി സെറിനയുടെ മികവിന് മുന്നില്‍ തലകുനിക്കേണ്ടിവന്ന മുഗുരുസയ്‌ക്ക് ഈ വിജയം മധുരപ്രതികാരം കൂടിയായി. ഓപ്പണ്‍ യുഗത്തില്‍ ഏറ്റവും പ്രായം കൂടിയ വിംബിള്‍ഡണ്‍ ജേതാവെന്ന നേട്ടമാണ് 37കാരിയായ വീനസിന് കൈയകലത്തില്‍ നഷ്‌ടമായത്.

തോറ്റെങ്കിലും ഏറ്റവും പ്രായം കൂടി വിംബിള്‍ഡണ്‍ ഫൈനലിസ്റ്റ് എന്ന നേട്ടം വീനസിന് സ്വന്തമായി. വീനസിന്റെ കളി കണ്ടുവളര്‍ന്ന തനിക്ക് അവരുമായി ഫൈനല്‍ കളിക്കാനായത് അവിശ്വസനീയ അനുഭവമാണെന്ന് കീരിടം ഏറ്റുവാങ്ങിയശേഷം മുഗുരുസ പറഞ്ഞു.