കൊല്‍ക്കത്ത: ഐപിഎല്ലില്‍ ഗംഭീറിന്റെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും ധോണിയുടെ റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്സും തമ്മിലേറ്റുമുട്ടിയപ്പോള്‍ അത് ധോണി-ഗംഭീര്‍ പോരാട്ടം കൂടിയായാണ് വിശേഷിപ്പിക്കപ്പെട്ടത്. ഇന്ത്യന്‍ ടീമില്‍ നിന്ന് ഗംഭീറിനെ തഴഞ്ഞതില്‍ ധോണിക്ക് പങ്കുണ്ടെന്ന് വിശ്വസിക്കുന്ന ആരാധകര്‍ ഇപ്പോഴുമുണ്ട്. ഇരുവരും തമ്മില്‍ അത്ര രസത്തിലല്ലെന്ന് പലകുറി തെളിയിക്കപ്പെട്ടിട്ടുമുണ്ട്. അതുകൊണ്ടുതന്നെ പൂനെയ്ക്കായി ധോണി ക്രീസിലിറങ്ങുമ്പോള്‍ ഗംഭീര്‍ എന്ത് തന്ത്രമാവും പുറത്തെടുക്കുക എന്ന ആകാംക്ഷയിലായിരുന്നു ആരാധകര്‍.
മത്സരത്തിന്റെ പതിനൊന്നാം ഓവറിലാണ് ആരാധകര്‍ കാത്തിരുന്ന നിമിഷം എത്തിയത്. അപ്പോള്‍ പൂനെ 74/4 എന്ന നിലയിലായിരുന്നു. പിയൂഷ് ചൗളയുടെ പന്ത് നേരിടാന്‍ തയാറെടുത്തുനിന്ന ധോണിക്കും ചുറ്റും ഫീല്‍ഡര്‍മാരെ നിര്‍ത്തി ഗംഭീര്‍ സമ്മര്‍ദ്ദം കൂട്ടി. ഒന്നും രണ്ടുമല്ല കീപ്പറടക്കം അഞ്ച് പേരായിരുന്നു ധോണിയുടെ ബാറ്റിന് ചുറ്റുമുണ്ടായിരുന്നത്. സില്ലി പോയന്റില്‍ ധോണിക്ക് നേരെ അഭിമുഖമായി ഗംഭീര്‍ തന്നെ നിന്നു. സ്പിന്നര്‍മാരുടെ പന്തില്‍ കയറിക്കളിക്കണോ ക്രീസില്‍ നിന്ന് കളിക്കണോ എന്ന് ആശയക്കുഴപ്പത്തിലായിരുന്നു ധോണി. പിയൂഷ് ചൗളയുടെ പന്തില്‍ ബാക് ഫൂട്ട് ഡിഫന്‍സിനൊരുങ്ങിയ ധോണിക്ക് പിഴയ്ക്കുകയും ചെയ്തു.
ബാറ്റില്‍ തട്ടിയ പന്ത് സ്റ്റമ്പിലേക്ക് ഉരുണ്ട് പോയെങ്കിലും ധോണി കാലുകൊണ്ട് തട്ടിയകറ്റി. ഒടുവില്‍ മഴ കളിക്കാനിറങ്ങുമ്പോള്‍ 22 പന്തില്‍ 9 റണ്‍സ് മാത്രമായിരുന്നു ധോണിയുടെ സമ്പാദ്യം. ഇതിനിടെ ഇര്‍ഫാന്‍ പത്താനെ റണ്ണൗട്ടാക്കുകയും ചെയ്തു. ചെന്നൈ ടീമിലായിരുന്നപ്പോഴും ധോണി ക്രീസിലെത്തുമ്പോള്‍ ഗംഭീര്‍ സമാനമായ ഫീല്‍ഡൊരുക്കി സമ്മര്‍ദ്ദം സൃഷ്ടിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നത് ചരിത്രം. മത്സരശേഷം സഞ്ജയ് മഞ്ജരേക്കര്‍ ധോണിക്കായി ഒരുക്കിയ ഫീല്‍ഡിനെക്കുറിച്ച് ഗംഭീറിനോട് ചോദിച്ചിരുന്നു. ബാറ്റ്സ്മാനെ നോക്കിയല്ല സാഹചര്യങ്ങള്‍ക്കനുസരിച്ചാണ് ഫീല്‍ഡ് ഒരുക്കുന്നത് എന്നായിരുന്നു ഗംഭീറിന്റെ ചിരിച്ചുള്ള മറുപടി.
