ദില്ലി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ തോറ്റമ്പിയ ഇന്ത്യന്‍ ടീമിന് പിന്തുണയുമായി മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് പിന്തുണ നല്‍കേണ്ട സമയമാണിതെന്നും അമിത വിമര്‍ശനങ്ങള്‍ ഒഴിവാക്കാനും താരം ആവശ്യപ്പെട്ടു. അപാരജിത കുതിപ്പ് തുടര്‍ന്ന ടീമിന്‍റെ പ്രതാപം രണ്ട് തോല്‍വി കൊണ്ട് ഇല്ലാതാവില്ല. ടീമിനെ കുറ്റപ്പെടുത്തിന് പകരം വിജയിച്ച എതിരാളികളെ അംഗീകരിക്കുകയാണ് വേണ്ടതെന്ന് ദില്ലി താരം പറഞ്ഞു.
കേപ്‌ടൗണില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 72 റണ്‍സിന്‍റെ തോല്‍വി വഴങ്ങിയിരുന്നു ഇന്ത്യ. സെഞ്ചൂറിയനിലെ രണ്ടാം ടെസ്റ്റില്‍ 135 റണ്‍സിന്‍റെ തോല്‍വി കൂടി ആയതോടെ മൂന്ന് ടെസ്റ്റുകളുടെ പരമ്പര ഇന്ത്യയ്ക്ക് നഷ്ടമായി. ടീം സെലക്ഷനിലെ പോരായ്മകളും ബാറ്റിംഗിലെയും ഫീല്‍ഡിംഗിലെയും കൈവിട്ട കളിയും ഇന്ത്യയെ ദയനീയ പരാജയത്തില്‍ എത്തിക്കുകയായിരുന്നു.
രണ്ടാം ടെസ്റ്റിലെ ദയനീയ തോല്‍വിയെ തുടര്‍ന്ന് ടീം ഇന്ത്യയ്ക്കെതിരെ വ്യാപക വിമര്‍ശനങ്ങളാണ് സമുഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. ഇതിനിടെയാണ് പരസ്യ പിന്തുണയറിയിച്ച് ഗൗതം ഗംഭീര്‍ രംഗത്തുവന്നത്. ഫോം നഷ്ടമായതിനെ തുടര്‍ന്ന് നാളുകളായി ഇന്ത്യന്‍ ടീമിന് പുറത്താണ് ദില്ലി ഓപ്പണറുടെ സ്ഥാനം. ഈ മാസം അവസാനം നടക്കുന്ന ഐപിഎല്‍ ലേലത്തിനായി കാത്തിരിക്കുകയാണ് ഗൗതം ഗംഭീര്‍.
