കാണ്‍പൂര്‍: ലോധ സമിതി റിപ്പോര്‍ട്ടിനെ വിമര്‍ശിച്ച് സുനില്‍ഗവാസ്കറും കപില്‍ദേവും.സമിതിയുടെ പല നിര്‍ദേശങ്ങളും അപ്രായോഗികവും ഇന്ത്യന്‍ സാഹചര്യങ്ങള്‍ കണക്കിലെടുക്കാതെയുമുളളതാണെന്ന് ഇരുവരും പറഞ്ഞു. കാണ്‍പൂരില്‍ ‍ഇന്ത്യ- ന്യുസീലന്‍ഡ് ടെസ്റ്റ് മത്സരത്തിനിടെയാണ് ലോധ സമിതി റിപ്പോര്‍ട്ടിനെതിരെ വിമര്‍ശനവുമായി ക്രിക്കറ്റ് ഇതിഹാസങ്ങള്‍രംഗത്തെത്തിയത്.

ലോധ സമിതിയോട് ആദരവുണ്ടെങ്കിലും റിപ്പോര്‍ട്ടിലെ പല നിര്‍ദേശങ്ങളും അപ്രായോഗികമാണെന്ന് സുനില്‍ ഗവാസ്കര്‍പറഞ്ഞു. ഒരു സംസ്ഥാനത്തിന് ഒരു പ്രാതിനിധ്യം എന്ന നിര്‍ദേശം നടപ്പക്കുന്നത് ക്രിക്കറ്റിന് ഗുണം ചെയ്യില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇംഗ്ലണ്ടിലെ എല്ലാ കൗണ്ടികളും കൗണ്ടി ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നില്ല. ഓസ്ട്രേലിയയിലെ ഫസ്റ്റ് ക്ലാസ് ടൂര്‍ണമെന്റിലും എല്ലാ സംസ്ഥാനങ്ങള്‍ക്കും പങ്കാളിത്തമില്ല. ഇന്ത്യയിലും സമാനമായ സ്ഥിതിയാണ്. എല്ലാ സംസ്ഥാനങ്ങളും രഞ്ജിയില്‍ പങ്കെടുക്കുന്നത് കൊണ്ട് ഇന്ത്യന്‍ ക്രിക്കറ്റിന ഒരു ഗുണവും ഉണ്ടാകില്ല. ഗവാസ്കര്‍പറഞ്ഞു.

മഹാരാഷ്ട്ര പോലൊരു സംസ്ഥാനത്തിന് ഒരു ടീം മാത്രമെന്നത് കളികകാരുടെ അവസരങ്ങള്‍ ഇല്ലാതാക്കാനേ കാരണമാകൂ എന്ന് കപില്‍ദേവും പറഞ്ഞു. സെലക്ടര്‍മാരുടെ കാലവധി മൂന്ന് വര്‍ഷമാക്കുന്നതിനെയും അദ്ദേഹം വിമര്‍ശിച്ചു. ഇന്ത്യ പോലുരു രാജ്യത്ത് നിലവവിലെ സാഹചര്യത്തില്‍ അഞ്ച് വര്‍ഷമെങ്കിലും കാലാവധി നല്‍കിയേ മതിയാകൂ എന്ന് കപില്‍ പറഞ്ഞു. ക്രിക്കറ്റ് ഭരണാധികാരികള്‍ക്ക് പ്രായപരിധി ഏര്‍പ്പെടുത്തുന്നതിനെ കപില്‍ സ്വാഗതം ചെയ്തു. ഇത്രയും കാലം ഇന്ത്യന്‍ ക്രിക്കറ്റിനെ മുന്നോട്ട് കൊണ്ടുപോയത് ബിസിസിഐയാണ്. അതുകൊണ്ടുതന്നെ ബിസിസിഐയെ വിശ്വാസത്തിലെടുത്ത് വേണം പരിഷ്കാരങ്ങള്‍ നടപ്പിലാക്കാനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.