ധാക്ക; ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മാതൃകയില്‍ ബംഗ്ലാദേശില്‍ നടക്കുന്ന ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനല്‍ മത്സരത്തില്‍ 18 സിക്‌സറിടിച്ച് ക്രിസ് ഗെയ്ല്‍ ചരിത്രം കുറിച്ചു. ബിപിഎല്ലില്‍ റംഗ്പുര്‍ റൈഡേഴ്‌സിന് വേണ്ടി കളിക്കുന്ന ക്രിസ് ഗെയ്ല്‍ ധാക്ക ഡൈനാമിറ്റ്‌സിനെതിരെയുള്ള ഫൈനല്‍ മത്സരത്തിലാണ് ഈ വെടിക്കെട്ട് പ്രകടനം നടത്തിയത്. 69 പന്തില്‍ നിന്ന് 18 സിക്‌സും അഞ്ച് ബൗണ്ടറികളും സഹിതം 146 റണ്‍സാണ് ഗെയ്ല്‍ നേടിയത്. 

ഗെയ്‌ലിന്റേയും അര്‍ധസെഞ്ച്വറി നേടിയ ബ്രണ്ടന്‍ മെക്കല്ലത്തിന്റേയും പ്രകടനത്തിന്റെ ബലത്തില്‍ റംഗ്പുര്‍ റൈഡേഴ്‌സ് 20 ഓവറില്‍ 206 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ധാക്ക ഡൈനാമിറ്റ്‌സിന് ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഇതോടെ പ്രഥമ ബിപില്‍ ടൂര്‍ണമെന്റ് കിരീടം റംഗ്പുര്‍ റൈഡേഴ്‌സ് സ്വന്തമാക്കി. ടീമിനെ വിജയത്തിലേക്ക് നയിച്ച ക്രിസ് ഗെയ്‌ലാണ് മാന്‍ ഓഫ് ദ മാച്ചും, മാന്‍ ഓഫ് ദ ടൂര്‍ണമെന്റും. 

ചൊവ്വാഴ്ച്ചത്തെ പ്രകടനത്തോടെ ടി20-യില്‍ 11,000 റണ്‍സും 20 സെഞ്ച്വറികളും നേടുന്ന ആദ്യതാരമെന്ന നേട്ടവും ക്രിസ് ഗെയ്ല്‍ മറികടന്നു. 314 ഇന്നിംഗ്‌സുകളില്‍ നിന്നായാണ് ഗെയ്ല്‍ ഈ നേട്ടം സ്വന്തമാക്കിയത്. 304 ഇന്നിംഗ്‌സുകളില്‍ നിന്നായി 8526 റണ്‍സ് നേടി റണ്‍വേട്ടയില്‍ രണ്ടാം സ്ഥാനത്തുള്ള മെക്കല്ലം ഗെയ്‌ലിനേക്കാള്‍ ബഹുദൂരം പിന്നിലാണ്. ടി20 യില്‍ ഇതുവരെയായി 819 സിക്‌സറുകളാണ് ഈ കരിബീയന്‍ കരുത്തന്‍ അടിച്ചു കൂട്ടിയിട്ടുള്ളത്.