തിരുവനന്തപുരം: ലോക അത്‌ലറ്റിക് മീറ്റിനുള്ള ഇന്ത്യന്‍ ടീമില്‍നിന്ന് തഴയപ്പെട്ട പി യു ചിത്രയ്‌ക്ക് സഹായവുമായി കേരള സര്‍ക്കാര്‍. സര്‍ക്കാരിന്റെ പ്രത്യേക സ്കീമിൽ ഉൾപ്പെടുത്തി പി യു ചിത്രയ്‌ക്ക് 10000 രൂപ പ്രതിമാസ അലവൻസ് നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഭക്ഷണ അലവൻസായി 500 രൂപ ദിവസവും കൊടുക്കും. ഫുട്ബോള്‍ താരം സി കെ വിനീതിന് സെക്രട്ടേറിയറ്റ് അസിസ്റ്റന്റായി നിയമനം നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ഏഷ്യന്‍ അത്‌ലറ്റിക് മീറ്റില്‍ മെഡല്‍ നേടിയിട്ടും പി യു ചിത്രയെ ലോക അത്‌ലറ്റിക് മീറ്റിനുള്ള ടീമില്‍നിന്ന് ഒഴിവാക്കിയത് വിവാദമായിരുന്നു. പിന്നീട് ഹൈക്കോടതിയില്‍ നല്‍കിയ കേസിന്റെ അടിസ്ഥാനത്തില്‍ ചിത്രയെ ടീമില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദ്ദേശിച്ചെങ്കിലും ഓരോ കാരണങ്ങള്‍ പറഞ്ഞ് അത്‌ലറ്റിക് ഫെഡറേഷന്‍ ഒഴിഞ്ഞുമാറുകയായിരുന്നു. ടീം ലിസ്റ്റ് നല്‍കേണ്ട കാലാവധി കഴിഞ്ഞുവെന്നായിരുന്നു അവരുടെ വാദം. അതേസമയം പി യു ചിത്രയെ ഒഴിവാക്കുന്നതിന് പിന്നില്‍ ചില കള്ളക്കളികള്‍ നടന്നതായുള്ള വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. വിവാദം ഉണ്ടായ ഉടന്‍ ചിത്രയ്‌ക്ക് എല്ലാവിധ സഹായവും വാഗ്ദ്ധാനം ചെയ്‌ത് കേരള സര്‍ക്കാര്‍ ഒപ്പമുണ്ടായിരുന്നു. കായികമന്ത്രി എ സി മൊയ്തീന്‍ വീട്ടിലെത്തി പി യു ചിത്രയെ സന്ദര്‍ശിച്ചിരുന്നു. പി യു ചിത്രയ്‌ക്ക് എല്ലാവിധ സഹായവും നല്‍കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തിന്റെ തുടര്‍ച്ചയായാണ് ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനം.
