തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഐസിസി സംഘം ബുധനാഴ്ച പരിശോധന നടത്തും. അടുത്തമാസം ആറുമുതല്‍ രഞ്ജി ട്രോഫിക്കും കാര്യവട്ടം വേദിയാകുമെന്ന് കെസിഎ സെക്രട്ടറി ജയേഷ് ജോര്‍ജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ പരിശോധന വൈകുന്നതിനാല്‍ കേരളത്തിനും അസമിനും അനുവദിച്ച രാജ്യാന്തര മത്സരങ്ങള്‍ മാറ്റിവച്ചേക്കുമെന്ന് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എന്നാല്‍ അത്തരം ആശങ്കകള്‍ ഒന്നും ഇല്ലെന്നും ഈ മാസം 30ന് ഐസിസി സംഘം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം സന്ദര്‍ശിക്കുമെന്നും കെസിഎ സെക്രട്ടറി ജയേഷ് ജോര്‍ജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നവംബര്‍ ഏഴിന് നടക്കുന്ന ഇന്ത്യ ന്യുസീലന്‍ഡ് ട്വന്റി-20ക്ക് മൂന്നാഴ്ത മുന്‍പ് മാത്രമേ ടിക്കറ്റ് വിൽപ്പന തുടങ്ങൂ.
അടുത്ത മാസം ആറു മുതല്‍ രഞ്ജി ട്രോഫിയിലൂടെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം ഫസ്റ്റ് ക്ലാസ്സ് വേദിയാകും.അതേസമയം രഞ്ജി ട്രോഫിയിൽ ശക്തരായ എതിരാളികള്‍ ഉള്‍പ്പെട്ട ഗ്രൂപ്പിലാണ് കേരളം ഇക്കുറി. ഗ്രൂപ്പ് ബിയിൽ ഗുജറാത്ത് സൗരാഷ്ട്ര ജാര്‍ഖണ്ഡ് ഹരിയാന രാജസ്ഥാന്‍ ജമ്മു കശ്മീര്‍ ടീമുകളെ കേരളം നേരിടണം. ആദ്യ രണ്ട് സ്ഥാനക്കാര്‍ ക്വാര്‍ട്ടര്‍ ഫൈനലിലെത്തും.ബിസിസിഐ ഫിക്സ്ചര്‍ കമ്മിറ്റി കൂടിയശേഷമേ കാര്യവട്ടത്ത് കേരളത്തിന്റെ ആദ്യ എതിരാളിയാരെന്ന് അറിയാന്‍ കഴിയൂ.
