റെക്കോർഡുകളും ചരിത്രവും ഇഴചേർന്നുനിൽക്കുന്ന ക്രിക്കറ്റിൻ്റെ ‘മെക്ക’യിൽ പുതുചരിത്രം പിറന്നു. ലോർഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ ഒരേ സമയം 580 സ്കൂൾ വിദ്യാർഥികൾ ക്രിക്കറ്റിൻ്റെ പാഠങ്ങൾ അഭ്യസിച്ചപ്പോൾ അവിടെ ലോക റെക്കോർഡ് പിറക്കുകയായിരുന്നു. ലോകം ദർശിച്ച ഏറ്റവും വലിയ ക്രിക്കറ്റ് പാഠം അങ്ങനെ ഗിന്നസ് ലോക റെക്കോർഡിൽ ഇടംപിടിച്ചു. മെരിലിബോൺ ക്രിക്കറ്റ് ക്ലബും (എം സി സി)യും ക്രിക്കറ്റ് പ്രചാരണരംഗത്തുള്ള സന്നദ്ധസംഘടനായ ചാൻസ് ടു ഷൈനും സംയുക്തമായി സംഘടിപ്പിച്ച ക്രിക്കറ്റ് പരിശീലന പാഠത്തിൽ ഒരേ സമയം പങ്കുകൊണ്ടത് 580 കുട്ടികളായിരുന്നു.

488 സ്കൂൾ വിദ്യാർഥികൾ വിദ്യാർഥികളെ പങ്കെടുപ്പിച്ച് കഴിഞ്ഞ ഡിസംബറിൽ സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ നടത്തിയ ക്രിക്കറ്റ് പരിശീലനമായിരുന്നു നിലവിലെ റെക്കോർഡ്. ക്രിക്കറ്റ് പിറവികൊണ്ട ലോർഡ്സിലെ പ്രകടനത്തോടെ സിഡ്നിയുടെ റെക്കോർഡ് പഴങ്കഥയായി. മുൻ ഇംഗ്ലീഷ് വനിതാ ടീം നായിക ചാർലറ്റ് എഡ്വാർഡും മുൻ ബൗളർ ഐസ ഗുഹയും യോഗ്യരായ ക്രിക്കറ്റ് പരിശീലകരും അടങ്ങിയ സംഘം മുൻ കൂട്ടി തയാറാക്കിയ ക്രിക്കറ്റ് പാഠങ്ങൾക്കനുസൃതമായിട്ടായിരുന്നു ലോർഡ്സിലെ റെക്കോർഡ് പ്രകടനം.
30 മിനിറ്റ് നീണ്ട പ്രകടനത്തിൽ കുട്ടികൾ ബൗളിങ്, ഫീൽഡിങ്, മറ്റ് വ്യായാമങ്ങൾ തുടങ്ങിയവ കൃത്യമായി പാലിച്ചുവെന്ന് ഗിന്നസ് റൊക്കോർഡ് അഡ്ജുഡിക്കേറ്റർ ഉറപ്പുവരുത്തി. ലോക റെക്കോർഡ് ഭേദിക്കാനുള്ള പ്രകടനത്തിൽ ഒട്ടേറെ യുവാക്കൾ പങ്കാളികളായത് ഉജ്ജ്വലമായ അനുഭവമാണെന്ന് ചാൻസ് ടു ഷൈൻ അംബാസിഡർ കൂടിയായ ചാർലറ്റ് എഡ്വാർഡ്സ് പറഞ്ഞു.
