കുലാലംപുര്‍: ഫോര്‍മുല വണ്‍ കാറോട്ട സീസണില്‍ ലൂയിസ് ഹാമില്‍ട്ടന്റെ കിരീടപ്രതീക്ഷകള്‍ക്ക് തിരിച്ചടി. മലേഷ്യന്‍ ഗ്രാന്‍ഡ്പ്രീയില്‍ മുന്നിട്ടുനില്‍ക്കെ, 41 ആം ലാപ്പില്‍ എഞ്ചിന്‍ തകരാര്‍ കാരണം ഹാമില്‍ട്ടണ് പിന്മാറേണ്ടി വന്നു. അവിശ്വസനീയമായ ദുരന്തത്തിന്റെ ഞെട്ടലിലായ ഹാമില്‍ട്ടണ്‍ മത്സരശേഷം മെഴ്‌സിഡസ് ടീമിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തി. തന്റെ കാറിന് മാത്രം സ്ഥിരം എഞ്ചിന്‍ തകരാര്‍ സംഭവിക്കുന്നതിന്റെ കാരണം അറിയണമെന്ന് ഹാമില്‍ട്ടണ്‍ പറഞ്ഞു. ഹാമില്‍ട്ടണ്‍ ഫിനിഷ് ചെയ്യാതിരുന്നപ്പോള്‍ മുഖ്യ എതിരാളിയായ മെഴ്‌സിഡസ് ഡ്രൈവര്‍ നക്കോ റോസ്ബര്‍ഗ് മൂന്നാം സ്ഥാനത്തെത്തി. ഇതോടെ കിരീടപ്പോരാട്ടത്തില്‍ 23 പോയിന്റിന്റെ ലീഡും റോസ്ബര്‍ഗ് സ്വന്തമാക്കി.