ദില്ലി: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ കരുൺ നായരെ ഉൾപ്പെടുത്താത്തതിന് സെലക്ടർമാരെ വിമർശിച്ച് സ്പിന്നർ ഹർഭജൻ സിംഗ് രംഗത്ത്. ട്വിറ്ററിലായിരുന്ന ഹർഭജന്റെ പ്രതികരണം.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിൽ ട്രിപ്പിൾ സെഞ്ചുറി നേടിയ കരുൺ നായർ എവിടെ? ഏകദിന ടീമിൽ പോയിട്ട് പരിശീലന മത്സരത്തിലുള്ള ടീമിൽ പോലും അദ്ദേഹത്തെ കാണുന്നില്ലല്ലോ എന്നായിരുന്നു ഹർഭജന്റെ ട്വീറ്റ്.
എന്നാൽ ട്വീറ്റ് അദ്ദേഹം അല്‍പ സമയത്തിനകം തന്നെ പിൻവലിച്ചു. വെള്ളിയാഴ്ചയാണ് ഇംഗ്ലണ്ടിനെതിരായ ഏകദിന, ട്വന്റി–20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചത്. ഹർഭജനും ടീമിൽ സ്‌ഥാനം ലഭിച്ചിരുന്നില്ല. ചെന്നൈയിൽ നടന്ന അവസാന ടെസ്റ്റിലാണ് കരുൺ ട്രിപ്പിൾ സെഞ്ചുറി നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമായത്. ഏകദിന ടീമില്‍ ഇടം നേടുമെന്ന് കരുതിയ കരുണിന് പകരം വെറ്ററന്‍ താരം യുവരാജ് സിംഗിനെയാണ് സെലക്ടര്‍മാര്‍ ടീമില്‍ ഉള്‍പ്പെടുത്തിയത്. 2013ലാണ് യുവരാജ് അവസാനമായി ഇന്ത്യന്‍ ടീമില്‍ കളിച്ചത്.
