കൊളംബോ: ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ബാറ്റുകൊണ്ടും ബോളുകൊണ്ടും തരംഗം തീര്‍ക്കുന്ന ഹര്‍ദ്ദീക് പാണ്ഡ്യയെ ഇംഗ്ലീഷ് ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്സിനോടല്ല ഇന്ത്യന്‍ ഇതിഹാസം കപില്‍ ദേവിനോടാണ് താരതമ്യം ചെയ്യേണ്ടതെന്ന് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എംഎസ്‌കെ പ്രസാദ്. പാണ്ഡ്യയുടെ കടന്നുവരവോടെ കപില്‍ ദേവിനുശേഷം പേസ് ബൗളിംഗ് ഓള്‍ റൗണ്ടര്‍ക്കുള്ള ഇന്ത്യയുടെ അന്വേഷണത്തിന് ഉത്തരമായെന്നും പ്രസാദ് പറഞ്ഞു. ലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഒരു സെഞ്ചുറിയും അര്‍ധ സെഞ്ചുറിയും നേടിക്കഴിഞ്ഞ പാണ്ഡ്യ മൂന്ന് ഫോര്‍മാറ്റിലും ഓള്‍ റൗണ്ടര്‍ എന്ന നിലയില്‍ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞുവെന്നും പ്രസാദ് വ്യക്തമാക്കി.
ലഭിച്ച അവസരം മുതലാക്കാന്‍ പാണ്ഡ്യക്കായി. ബാറ്റിംഗിലും ബൗളിംഗിലും ഫീല്‍ഡിംഗിലും അടിസ്ഥാനപാഠങ്ങള്‍ മറക്കാത്തതാണ് പാണ്ഡ്യയുടെ മികവെന്നും പ്രസാദ് പറഞ്ഞു.
ഗോള്‍ ടെസ്റ്റില്‍ ലങ്കയ്ക്കെതിരെ അര്‍ധ സെഞ്ചുറി നേടിയപ്പോള്‍ ക്യാപ്റ്റന്‍ വിരാട് കോലി പാണ്ഡ്യയെ ഇംഗ്ലീഷ് ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്സിനോട് താരതമ്യം ചെയ്തിരുന്നു. പാണ്ഡ്യ ഇന്ത്യയുടെ ബെന്‍ സ്റ്റോക്സാണെന്നായിരുന്നു കോലിയുടെ കമന്റ്.
ലങ്കയ്ക്കെതിരായ മൂന്നാം ടെസ്റ്റിലാണ് പാണ്ഡ്യ തന്റെ കന്നി ടെസ്റ്റ് സെഞ്ചുറി നേടിയത്. എട്ടാമനായി ഇറങ്ങിയ പാണ്ഡ്യ വെടിക്കെട്ട് ബാറ്റിംഗിലൂടെയാണ് മൂന്നക്കം കടന്നത്.
