ദില്ലി: ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മിന്നും പ്രകടനത്തോടെ ഹര്‍ദ്ദീക് പാണ്ഡ്യയെ പ്രശംസകൊണ്ട് മൂടുകയാണ് ക്രിക്കറ്റ് ലോകം. പാണ്ഡ്യ ഇന്ത്യയുടെ ബെന്‍ സ്റ്റോക്സാണെന്ന് ക്യാപ്റ്റന്‍ വിരാട് കോലി നേരത്തെ പറഞ്ഞപ്പോള്‍ ബെന്‍ സ്റ്റോക്സിനോടല്ല ഇന്ത്യന്‍ ഇതിഹാസം കപില്‍ ദേവിനോടാണ് പാണ്ഡ്യയെ താരതമ്യം ചെയ്യേണ്ടതെന്നായിരുന്നു ഇന്ത്യന്‍ ടീം ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദിന്റെ അഭിപ്രായം.

എന്നാല്‍ ഈ അഭിപ്രായങ്ങളെയെല്ലാം കവച്ചുവെയ്ക്കുന്ന നിലപാടുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസം സുനില്‍ ഗവാസ്കര്‍. പാണ്ഡ്യ ഇന്ത്യയുടെ ഡേവിഡ് വാര്‍ണറാണെന്നാണ് ഗവാസ്കറിന്റെ അഭിപ്രായം. ഏകദിന സ്പെഷലിസ്റ്റെന്ന് മുദ്രകുത്തപ്പെട്ട വാര്‍ണര്‍ ടെസ്റ്റിലെത്തിയപ്പോള്‍ എങ്ങനെയാണോ തിളങ്ങിയത് അതുപോലെയാണ് പാണ്ഡ്യയെന്നും ഗവാസ്കര്‍ പറയുന്നു.

പാണ്ഡ്യയെ വിലയിരുത്താന്‍ സമയാമായിട്ടില്ലെങ്കില്‍ അദ്ദേഹത്തെ ആരോടെങ്കിലും താരതമ്യം ചെയ്യണമെങ്കില്‍ അത് ഡേവിഡ് വാര്‍ണറോടാണെന്ന് ഗവാസ്കര്‍ പറഞ്ഞു. വാര്‍ണറുടെ കാലടികള്‍ പിന്തുടര്‍ന്നാല്‍ മൂന്ന് ഫോര്‍മാറ്റിലും പാണ്ഡ്യയ്ക്ക് മികവു കാട്ടാനാകുമെന്നുും ഗവാസ്കര്‍ അഭിപ്രായപ്പെട്ടു. ലങ്കയ്ക്ക് പഴയ കരുത്തില്ലാത്തതുകൊണ്ടാണ് ഇന്ത്യക്ക് അനായാസ ജയം സാധ്യമായതെന്ന് പറയുന്നുണ്ടെങ്കിലും ഇന്ത്യയുടെ മികവിനെ കുറച്ചുകാണേണ്ട കാര്യമില്ലെന്നും ഗവാസ്കര്‍ പറഞ്ഞു.