കൊളംബോ: ശ്രീലങ്കക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം വെടിക്കെട്ട് ബാറ്റിംഗിലൂടെ ഓള്‍ റൗണ്ടര്‍ ഹര്‍ദ്ദീക് പാണ്ഡ്യ സ്വന്തമാക്കിയത് ഒരുപിടി റെക്കോര്‍ഡുകള്‍. ഒരോവറില്‍ 26 റണ്‍സടിച്ച പാണ്ഡ്യ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരനായി. 24 റണ്‍സ് വീതമടിച്ചിരുന്ന കപില്‍ ദേവിനെയും സന്ദീപ് പാട്ടീലിനെയുമാണ് പാണ്ഡ്യ പിന്നിലാക്കിയത്.

ലഞ്ചിന് മുമ്പ് സെഞ്ചുറിയിലെത്തിയ പാണ്ഡ്യ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ താരമായി. ലഞ്ചിന് മുമ്പ് 99 റണ്‍സടിച്ച വീരേന്ദര്‍ സെവാഗിന്റെ റെക്കോര്‍ഡാണ് പാണ്ഡ്യ മറികടന്നത്. ശ്രീലങ്കയില്‍ നടക്കുന്ന മൂന്ന് മത്സര ടെസ്റ്റ് പരമ്പരയില്‍ മൂന്ന് മത്സരങ്ങളിലും തുടര്‍ച്ചയായി 400 റണ്‍സിന് മുകളില്‍ സ്കോര്‍ ചെയ്യുന്ന ആദ്യ ടീമായി ഇന്ത്യ. 86 പന്തില്‍ സെഞ്ചുറിയിലെത്തിയ പാണ്ഡ്യ വിദേശ പരമ്പരകളില്‍ ഇന്ത്യക്കാരന്റെ രണ്ടാമത്തെ വേഗമേറിയ സെഞ്ചുറിക്കും ഉടമയായി. വെസ്റ്റ് ഇന്‍ഡീസിനെതിരെ 78 പന്തില്‍ഡ സെഞ്ചുറി അടിച്ചിട്ടുള്ള വീരേന്ദര്‍ സെവാഗിന്റെ പേരിലാണ് ഇന്ത്യന്‍ റെക്കോര്‍ഡ്.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ആദ്യ സെഞ്ചുറി ടെസ്റ്റിലൂടെ നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമായി പാണ്ഡ്യ.കപില്‍ ദേവ്, അജയ് രത്ര, വിജയ് മഞ്ജരേക്കര്‍, ഹര്‍ഭജന്‍ സിംഗ് എന്നിവരാണ് ഈ നേട്ടത്തില്‍ പാണ്ഡ്യയുടെ മുന്‍ഗാമികള്‍. ടെസ്റ്റ് ഇന്നിംഗ്സില്‍ ഏറ്റവും കൂടുതല്‍ സിക്സറെന്ന ഇന്ത്യന്‍ താരത്തിന്റെ നേട്ടം നേരിയ വ്യത്യാസത്തില്‍ പാണ്ഡ്യക്ക് നഷ്ടമായി. ഏഴ് സിക്സറടിച്ച പാണ്ഡ്യക്ക് മുന്നില്‍ എട്ട് സിക്സറുകളുമായി നവജ്യോത് സിദ്ദുവുണ്ട്.

ഇന്ത്യയുടെ ആദ്യ വിക്കറ്റ് വീഴ്ത്താന്‍ 39 ഓവര്‍ പന്തെറിഞ്ഞ ലങ്ക ഇന്ത്യക്കെതിരെ ഓള്‍ ഔട്ടായത് കേവലം 37.4 ഓവറില്‍. ഇന്ത്യക്കെതിരായ ടെസ്റ്റില്‍ ഏറ്റവും കുറച്ച് ഓവറുകളില്‍ പുറത്തായതിന്റെ റെക്കോര്‍ഡ് ലങ്കയുടെ പേരിലായി. ലങ്കയ്ക്കും ആശ്വസിക്കാന്‍ ഒരു റെക്കോര്‍ഡുണ്ട്. 2003ല്‍ ദക്ഷിണാഫ്രിക്കന്‍ താരം പോള്‍ ആഡംസിനുശേഷം അഞ്ച് വിക്കറ്റ് നേട്ടം കൊയ്യുന്ന ആദ്യ ചൈനാമെന്‍ ബൗളറെന്ന നേട്ടം ലങ്കയുടെ സന്ദകന്‍ സ്വന്തമാക്കി.