വിഷയത്തില്‍ പ്രതികരിക്കാന്‍ താരം തയ്യാറായിട്ടില്ല

ദില്ലി: ഇന്ത്യന്‍വനിതാ ക്രിക്കറ്റ് ടീം ,സൂപ്പര്‍ താരവും ടി ട്വന്‍റി ടീം ക്യാപ്റ്റനുമായ ഹര്‍മന്‍ പ്രീത് കൗര്‍ ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ജോലിയില്‍യില്‍ നിന്നും തരംതാഴ്ത്തി. വ്യാജ സര്‍ട്ടിഫിക്കറ്റ് ചമച്ച് ജോലിയില്‍ പ്രവേശിച്ച ഹര്‍മന്‍പ്രീതിനെ ഡിഎസ്പി സ്ഥാനത്തുനിന്ന് തരംതാഴ്ത്തി കോണ്‍സ്റ്റബിളായി നിയമിക്കാന്‍ പഞ്ചാബ് സര്‍ക്കാര്‍ തീരുമാനിച്ചു.

എന്നാല്‍ വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ പേരില്‍ കേസെടുക്കുന്നില്ലെന്നും, പ്ലസ് ടു യോഗ്യത മാത്രം പരിഗണിച്ച് കോണ്‍സ്റ്റബിളാക്കുകയാണെന്നും മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിന്റെ ഓഫീസ് അറിയിച്ചു. നാല് മാസം മുമ്പാണ് അര്‍ജുന അവാര്‍ഡ് ജേതാവായ ഹര്‍മന്‍ പ്രീതിനെ ഡിഎസ്പിയായി പഞ്ചാബ് സര്‍ക്കാര്‍ നിയമിച്ചത്.

അറിയപ്പെടുന്ന കായിക താരവും രാജ്യത്തിന് വേണ്ടി അഭിമാനകരമായ നേട്ടങ്ങള്‍ സ്വന്തമാക്കിയ വ്യക്തി എന്നിതിനാലുമാണ് കേസില്‍നിന്ന് ഒഴിവാക്കുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. താരത്തിന്‍റെ അറിവോടെയാണോ വ്യാജ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചത് എന്ന് പരിശോധിക്കുമെന്നും അറിയിപ്പിലുണ്ട്. വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്താല്‍ ഹര്‍മന്‍പ്രീതിന് അര്‍ജുന അവാര്‍ഡ് പോലും നഷ്ടപ്പെടുന്ന സ്ഥിതിവരും. 

ലങ്കാഷയര്‍ തണ്ടര്‍ ടീമില്‍ ഇടം നേടിയ ഹര്‍മന്‍പ്രീത് ഇംഗ്ലണ്ടില്‍ നടക്കുന്ന കിയ സൂപ്പര്‍ ലീഗില്‍ കളിക്കാനുള്ള തയ്യാറെടുപ്പിലാണ്. വിഷയത്തില്‍ പ്രതികരിക്കാന്‍ താരം തയ്യാറായിട്ടില്ല.