ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യയെ നയിക്കുന്ന ഹര്‍മന്‍പ്രീത് കൗറിന്റെ കരുതലിന് കൈയടിച്ച് ക്രിക്കറ്റ് ലോകം. പാക്കിസ്ഥാനെതിരായ മത്സരത്തിന് തൊട്ടുമുമ്പാണ് ആരാധകമനം കവര്‍ന്ന ഹര്‍മന്‍പ്രീതിന്റെ നടപടി. മത്സരത്തിന് മുന്നോടിയായി ഇരുടീമുകളുടെയും ദേശീയഗാനം ആലപിക്കുന്നതിനായി താരങ്ങള്‍ ഗ്രൗണ്ടില്‍ വരിവരിയായി നിന്നപ്പോഴായിരുന്നു നാടകീയ സംഭവം.

ഗയാന: ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യയെ നയിക്കുന്ന ഹര്‍മന്‍പ്രീത് കൗറിന്റെ കരുതലിന് കൈയടിച്ച് ക്രിക്കറ്റ് ലോകം. പാക്കിസ്ഥാനെതിരായ മത്സരത്തിന് തൊട്ടുമുമ്പാണ് ആരാധകമനം കവര്‍ന്ന ഹര്‍മന്‍പ്രീതിന്റെ നടപടി. മത്സരത്തിന് മുന്നോടിയായി ഇരുടീമുകളുടെയും ദേശീയഗാനം ആലപിക്കുന്നതിനായി താരങ്ങള്‍ ഗ്രൗണ്ടില്‍ വരിവരിയായി നിന്നപ്പോഴായിരുന്നു നാടകീയ സംഭവം.

പ്രധാന ടൂര്‍ണമെന്റുകളില്‍ താരങ്ങളെ അനുഗമിക്കുന്ന കുട്ടിത്താരങ്ങളും ഇവര്‍ക്കൊപ്പം നില്‍ക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഇന്ത്യയുടെ ദേശീയഗാനം ആലപിക്കുന്നതിനിടെ തനിക്ക് മുന്നില്‍ നില്‍ക്കുന്ന കുട്ടി പൊള്ളുന്ന വെയിലില്‍ തളര്‍ന്നുപോയത് ഹര്‍മന്‍പ്രീതിന്റെ ശ്രദ്ധയില്‍പ്പെട്ടു.

Scroll to load tweet…

ദേശീയഗാനാലാപനം പൂര്‍ത്തിയായ ഉടനെ ആ കുട്ടിയെ കൈകളില്‍ കോരിയെടുത്ത് ഹര്‍മന്‍പ്രീത് അധികൃതര്‍ക്ക് കൈമാറി. ഇതിനുശേഷമാണ് ഇന്ത്യന്‍ നായിക ഡഗ് ഔട്ടിലേക്ക് നടന്നത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 20 ഓവറില്‍ 133 റണ്‍സെടുത്തെങ്കിലും പാക്കിസ്ഥാന് 10 റണ്‍സ് പെനല്‍റ്റി വിധിച്ചതിനാല്‍ ഇന്ത്യന്‍ ലക്ഷ്യം 124 റണ്‍സായി പരിമിതപ്പെടുത്തി.

മിഥാലി രാജിന്റെയും സ്മൃതി മന്ദാനയുടെയും ജെമൈമ റോഡ്രിഗസിന്റെയും ബാറ്റിംഗ് മികവില്‍ ഇന്ത്യ അനായാസം ലക്ഷ്യം മറികടന്നു. ആദ്യ മത്സരത്തില്‍ ഇന്ത്യ ന്യൂസിലന്‍ഡിനെ തകര്‍ത്തിരുന്നു. അയര്‍ലന്‍ഡിനെതിരെ ആണ് ഇന്ത്യയുടെ അടുത്ത മത്സരം.