കെയ്ന്‍ പുതിയ കരാറില്‍ ഒപ്പുവെച്ചു
ലണ്ടന്: ടോട്ടനം ഹോട്സ്പറിന്റെ സൂപ്പര് സ്ട്രെെക്കര് ഹാരി കെയ്ന്റെ ക്ലബ്ബ് കൂട് മാറ്റം സംബന്ധിച്ച് അരങ്ങേറിയ ചര്ച്ചകള്ക്ക് വിരാമം. മികച്ച പ്രകടനം നടത്തിയ സീസണ് കഴിഞ്ഞതോടെ കെയ്ന് ടോട്ടനം വിടുമെന്ന തരത്തില് വാര്ത്തകള് പ്രചരിച്ചിരുന്നു. എന്നാല്, അതിനെയെല്ലാം മുളയിലേ നുള്ളിയിരിക്കുകയാണ് ഇംഗ്ലീഷ് പ്രീമിയര് ലീഗ് ക്ലബ്ബായ ടോട്ടനം. ഹാരി കെയ്നുമായി 2024 വരെ സുദീര്ഘമായ കരാറാണ് ക്ലബ്ബ് ഒപ്പുവെച്ചിരിക്കുന്നത്. ക്ലബ്ബ് തങ്ങളുടെ ട്വിറ്റര് അക്കൗണ്ടിലൂടെയാണ് കെയ്നുമായുള്ള കരാര് നീട്ടിയ കാര്യം അറിയിച്ചത്.
ലോകത്തെ ഏറ്റവും മികച്ച മുന്നേറ്റ നിര താരങ്ങളില് ഒരാളായി മാറി കൊണ്ടിരിക്കുന്ന കെയ്ന് കഴിഞ്ഞ സീസണില് 48 മത്സരങ്ങളില് നിന്ന് 41 ഗോളുകളാണ് സ്വന്തമാക്കിയത്. ടോട്ടനത്തിനായി ഇതുവരെ 213 കളികളില് ബൂട്ടണിഞ്ഞ താരം 140 ഗോളുകള് നേടി. ഇതുവരെയുണ്ടായിരുന്ന പ്രതിഫലത്തിന്റെ ഇരട്ടിയാണ് പുതിയ കരാറെന്നാണ് വിവരം. പ്രീമിയര് ലീഗിലെ ഏറ്റവും നീളമേറിയ കാലമുള്ള കരാര് കൂടിയാണിത്. മൗറീഷ്യോ പൊച്ചറ്റീനോ ടോട്ടനത്തിന്റെ പരിശീലകനായി എത്തിയ ശേഷം കെയ്നുമായി ഊഷ്മളമായ ബന്ധമാണ് പുലര്ത്തുന്നത്.
ഇംഗ്ലീഷ് പ്രീമിയര് ലീഗില് മൂന്നാം സ്ഥാനത്താണ് ഇത്തവണ ക്ലബ് കളി അവസാനിപ്പിച്ചത്. അടുത്ത വര്ഷത്തെ ചാമ്പ്യന്സ് ലീഗിനും ടീം യോഗ്യത നേടി. പൊച്ചറ്റീനോ എത്തിയ ശേഷം തുടര്ച്ചയായി മൂന്നാം തവണയാണ് ആദ്യ നാലു സ്ഥാനങ്ങളില് ടീമിന് എത്താന് സാധിക്കുന്നത്. ഇതിനെല്ലാം മുന്നണി പോരാളി കെയ്നായിരുന്നു. നേരത്തേ, റയലും ബാഴ്സയും വിളിച്ചാല് മാത്രം കെയ്നു പോകേണ്ടി വരുമെന്നും സ്പെയിനിലും ഇറ്റലിയിലും ആവറേജ് പ്രകടനം കാഴ്ചവെയ്ക്കുന്നവരുടെ കൂടെ പോകരുതെന്നും മുന് ടോട്ടനം താരം റോമന് പാവ്ലചെങ്കോ കെയ്നോട് പറഞ്ഞിരുന്നു.
