മാഞ്ചസ്റ്റര്‍: മെസിയെയും റൊണാള്‍ഡോയെയും കടത്തിവെട്ടി മറ്റൊരു താരം ഗോള്‍വേട്ടയില്‍ മുന്നിലെത്തുമെന്ന പ്രവചനങ്ങള്‍ സത്യമായി. 2017ല്‍ കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമെന്ന നേട്ടം ടോട്ടന്‍ഹാമിന്‍റെ ഇംഗ്ലീഷ് സ്‌ട്രൈക്കര്‍ ഹാരി കെയ്ന്‍ സ്വന്തമാക്കി. കലണ്ടര്‍ വര്‍ഷം ടോട്ടനത്തിനായി 55 ഗോളുകള്‍ നേടി മെസിയെയും റൊണാള്‍ഡോയെയും താരം പിന്നിലാക്കി. സതാംപ്ടണിനെതിരെ ഹാട്രിക് കുറിച്ചാണ് കെയ്ന്‍ റെക്കോര്‍ഡ് പുസ്തകത്തിലേക്ക് പന്തടിച്ചത്. 

ലിയോണല്‍ മെസി 54 ഗോളും റൊണാള്‍ഡോയും ലെവന്‍ഡോവ്സ്കിയും, കവാനിയും 53 ഗോളുകള്‍ വീതവുമാണ് നേടിയത്. ഇതിനിടെ കലണ്ടര്‍ വര്‍ഷത്തില്‍ കൂടുതല്‍ പ്രീമിയര്‍ ലീഗ് ഗോളുകളെന്ന ഇതിഹാസ താരം അലന്‍ ഷിയറുടെ റെക്കോര്‍ഡും ഹാരി കെയ്ന്‍ മറികടന്നു. അന്‍ ഷിയര്‍ ബ്ലാക്കബേണ്‍ റോവേഴ്‌സിനായി 36 ഗോളുകള്‍ നേടിയപ്പോള്‍ കെയ്നിന്‍റെ ഗോള്‍വേട്ട 38ലെത്തി. ലെവന്‍ഡോവ്സ്കിയും മെസിയെ മറികടക്കുമെന്ന് നേരത്തെ പ്രവചനങ്ങളുണ്ടായിരുന്നു.