ഹാസിന്‍ ജഹാന്‍റെ ആദ്യ വിവാഹത്തിലെ മകള്‍ വിവാദത്തെ കുറിച്ച് പറയുന്നത്

കൊല്‍ക്കത്ത: വിവാദങ്ങളില്‍ ഉലയുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി. ഭാര്യ ഹാസിന്‍ ജഹാന്‍ നടത്തിയ ഞെട്ടിക്കുന്ന ആരോപണങ്ങളാണ് ഷമിയെ വിവാദനായകനാക്കിയത്. ഇതിന് പിന്നാലെ ഹാസിന്‍റെ പരാതിയില്‍ ഷമിക്കെതിരെ കൊലപാതശ്രമം, ഗാര്‍ഹിക പീഡനം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി കൊല്‍ക്കത്ത പൊലിസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

ആരോപണങ്ങള്‍ വലിയ ചര്‍ച്ചയാവുമ്പോള്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഹാസിന്‍ ജഹാന്‍റെ ആദ്യ വിവാഹത്തിലെ മകള്‍. വളരെയധികം സ്വപ്നങ്ങളുണ്ടായിരുന്ന ശക്തയായ വനിതയാണ് ഹാസിന്‍ ജഹാന്‍. അതിനാലാണ് തന്‍റെ പിതാവിനെയും കുടുംബത്തെയും അവര്‍ വിട്ടുപിരിഞ്ഞതെന്നും മകള്‍ പറയുന്നു. നടിയായും മോഡലായും പേരെടുക്കാനായിരുന്നു ഹാസിന്‍ വിവാഹബന്ധം വേര്‍പെടുത്തിയത്.

എബിപി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തലുകള്‍. എന്നാല്‍ ഷമിയെ കുറിച്ച് പറയുന്ന വാക്കുകളാണ് ഏവരെയും അമ്പരിപ്പിക്കുന്നത്. സ്വന്തം മകളെ പോലെയാണ് ഷമി തന്നെയും അനിയത്തിയെയും കണ്ടിരുന്നത്. ഒരേ കുടുംബത്തിലെ അംഗങ്ങള്‍ക്കുള്ള പരിഗണന തങ്ങള്‍ക്ക് തന്നിരുന്നു. ഫെസ്റ്റിവലുകള്‍ വരുമ്പോള്‍ സമ്മാനങ്ങള്‍ നല്‍കാറും ഷോപ്പിംഗിന് കൊണ്ടുപോകാറുമുണ്ടായിരുന്നു. 

അലിഷ്ബ എന്ന പേര് വളരെകാലമായി കേള്‍ക്കുന്നു. അവരുമായി ബന്ധമൊന്നും പാടില്ലെന്ന് അമ്മ നേരത്തെ പറഞ്ഞിരുന്നു. എന്നാലും ഒരിക്കലും 
ഷമി അങ്ങനെ ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ ഈ സംഭവങ്ങള്‍ കൊണ്ട് ഷമിയുടെ കരിയര്‍ തകരാന്‍ പാടില്ല. ഇന്ത്യന്‍ ടീമിലും ഉയര്‍ന്ന
റാങ്കിംഗിലും എത്താന്‍ വളരെയധികം അദേഹം കഷ്ടപ്പെട്ടിട്ടുണ്ടെന്നും പെണ്‍കുട്ടി പറയുന്നു.