കൊല്‍ക്കത്ത: ഐ ലീഗ് ഫുട്ബോളില്‍ ഗോകുലം കേരളയ്ക്ക് മൂന്നാം തോല്‍വി. ഈസ്റ്റ് ബംഗാ‌ള്‍ ഏകപക്ഷീയമായ ഒരു ഗോളിന് ഗോകുലത്തെ തോല്‍പിച്ചു. ഒന്നാം പകുതിയില്‍ മുഹമ്മദ് റഫീഖിന്‍റെ മനോഹര ഗോളാണ് ഈസ്റ്റ് ബംഗാളിന് സ്വന്തം കാണികള്‍ക്ക് മുന്നില്‍ ജയമൊരുക്കിയത്. അന്‍പത്തിനാലാം മിനിറ്റില്‍ രോഹിത് മിര്‍സ ചുവപ്പ് കാര്‍ഡ് കണ്ടതോടെ പത്തുപേരുമായാണ് ഗോകുലം കളി പൂര്‍ത്തിയാക്കിയത്. നാലാം ജയത്തോടെ 13 പോയിന്‍റുമായി ഈസ്റ്റ് ബംഗാള്‍ ലീഗില്‍ ഒന്നാം സ്ഥാനത്തെത്തി. 

രണ്ടാം മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഐസ്വാള്‍ എഫ് സി ഒന്നിനെതിരെ രണ്ട് ഗോളിന് മിനര്‍വ പഞ്ചാബിനെ തോല്‍പിച്ചു. കരീം നുറെയ്ന്‍,
ലിയോണ്‍ ഡോഡോ എന്നിവരാണ് ഐസ്വാളിന്‍റെ സ്കോറര്‍മാര്‍. കളിതീരാന്‍ സെക്കന്‍ഡുകള്‍ ശേഷിക്കേ ഗിരിക് ആണ് മിനര്‍വയുടെ മറുപടി ഗോള്‍ നേടിയത്.
ജയത്തോടെ ആറ് പോയിന്‍റുമായി ഐസ്വാള്‍ ലീഗില്‍ ആറാം സ്ഥാനത്തേക്ക് ഉയര്‍ന്നു. നാല് പോയിന്‍റുള്ള ഗോകുലം എട്ടാം സ്ഥാനത്തും മിനര്‍വ രണ്ടാം സ്ഥാനത്തുമാണ്.