പാലക്കാട്: 'ആ വാര്‍ത്ത കേട്ടപ്പോള്‍ ഞാന്‍ ശരിക്കും പൊട്ടിക്കരഞ്ഞുപോയി', ലോക ചാമ്പ്യന്‍ഷിപ്പിനുള്ള ടീമില്‍ നിന്ന് ഒഴിവാക്കിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ പി.യു. ചിത്രയുടെ ആദ്യ പ്രതികരണം ഇതായിരുന്നു. ലണ്ടനില്‍ നടക്കുന്ന ലോക അത്‌ലറ്റിക് മീറ്റില്‍ പങ്കെടുക്കാന്‍ കഴിയുമെന്ന് അത്രയേറെ പ്രതീക്ഷിച്ചിരുന്നുവെന്നും ചിത്ര ഏഷ്യാനെറ്റ് ന്യൂസ് ഡോട്ട് ടിവിയോട് പറഞ്ഞു. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലടക്കം മികച്ച പ്രകടനമാണ് ഈ വര്‍ഷം നടത്തിയത്. കരിയറിലെ മികച്ച പ്രകടനം നടത്തിയിട്ടും എന്തുകൊണ്ടാണ് അവസരം ലഭിക്കാതെ പോയതെന്ന് അറിയില്ലെന്നും ചിത്ര വ്യക്തമാക്കി.

താരങ്ങളെ തെരഞ്ഞെടുത്തത് ഒരു കമ്മിറ്റിയാണ്. വ്യക്തിപരമായി ആരും തന്റെ അവസരം ഇല്ലാതാക്കിയെന്ന് കരുതുന്നില്ല. ലോക ചാമ്പ്യന്‍ഷിപ്പിനുള്ള ടീമിലിടം നേടിയ മിക്കവരും യോഗ്യതയുളുള്ളവര്‍ തന്നെയാണ്. എന്നാല്‍ താരങ്ങളുടെ പ്രായം ഒരു പ്രശ്‌നമാണെന്നാണ് അറിഞ്ഞത്. അതു പരിഗണിച്ചാവാം ടീമിനെ തെരഞ്ഞെടുത്തത്. എങ്കിലും ഇടം നേടാതെ പോയതിന്റെ കൃത്യമായ കാരണം ഇപ്പോഴും അറിയില്ല.
മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ ഇടപെടലുകള്‍ കൊണ്ട് ലോക മീറ്റില്‍ പങ്കെടുക്കാന്‍ അവസരം കിട്ടുമെന്നാണ് പ്രതീക്ഷയെന്നും ചിത്ര പറഞ്ഞു. ഭുഭനേശ്വറിന്‍ നടന്ന ഏഷ്യന്‍ മീറ്റില്‍ 1500 മീറ്ററില്‍ 22കാരിയായ പിയു ചിത്ര സ്വര്‍ണ്ണം നേടിയിരുന്നു. ചിത്രയെ ഒഴിവാക്കിയ ഓള്‍ ഇന്ത്യ അത്‌ലറ്റിക് ഫെഡറേഷന്റെ തീരുമാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധം അറിയിച്ചിരുന്നു. എഎഫ്‌ഐയുടെ തീരുമാനത്തോടെ തോറ്റുമാറാന്‍ പി.യു.ചിത്ര തയ്യാറല്ല. മികച്ച പ്രകടനത്തിലൂടെ ഇനിയുള്ള ചാമ്പ്യന്‍ഷിപ്പുകള്‍ക്കു യോഗ്യത നേടാനാകുമെന്നാണ് പ്രതീക്ഷയെന്നും ചിത്ര പറഞ്ഞു.
