വിലക്ക് നീക്കുമെന്ന വാര്‍ത്തകള്‍ക്കിടെ ആരാധകരെ ഞെട്ടിച്ച് സ്റ്റീവ് സ്മിത്ത്

First Published 4, Apr 2018, 3:45 PM IST
I wont be challenging the sanctions Says Steve Smith
Highlights

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിലാണ് സ്മിത്തിന്റെ നേതൃത്വത്തില്‍ ഓസീസ് ടീം പന്ത് ചുരണ്ടിയെന്ന ആരോപണം ഉയര്‍ന്നത്.

സിഡ്‌നി: പന്ത് ചുരണ്ടല്‍ വിവാദത്തില്‍ കുടുങ്ങിയ ഓസ്‌ട്രേലിയന്‍ താരങ്ങളുടെ വിലക്ക് നീക്കിയേക്കുമെന്ന വാര്‍ത്തകള്‍ക്കിടെ ആരാധകരെ ഞെട്ടിച്ച് ഓസീസ് മുന്‍ നായകന്‍ സ്റ്റീവ് സ്മിത്ത്. വിലക്കിനെതിരെ അപ്പീല്‍ പോകില്ലെന്നും വിലക്ക് തീരുംവരെ കളിക്കില്ലെന്നും സ്മിത്ത് വ്യക്തമാക്കി. താനുള്‍പ്പെടെയുള്ള താരങ്ങളെ വിലക്കിക്കൊണ്ടുള്ള ക്രിക്കറ്റ് ഓസ്ട്രേലിയയുടെ തീരുമാനം ശക്തമായ സന്ദേശമാണ് നല്‍കുന്നതെന്നും അത് അംഗീകരിക്കുന്നുവെന്നും സ്മിത്ത് ട്വിറ്ററില്‍ കുറിച്ചു. ക്യാപ്റ്റനെന്ന നിലയില്‍ സംഭവിച്ച കാര്യങ്ങളുടെയെല്ലാം ഉത്തരവാദിത്തം തനിക്കുതന്നെയാണെന്നും സ്മിത്ത് പറഞ്ഞു.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിലാണ് സ്മിത്തിന്റെ നേതൃത്വത്തില്‍ ഓസീസ് ടീം പന്ത് ചുരണ്ടിയെന്ന ആരോപണം ഉയര്‍ന്നത്. സംഭവം വിവാദമാകുകയും, അന്വേഷണത്തില്‍ സ്മിത്ത് ഉള്‍പ്പെടെ മൂന്നു താരങ്ങള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും ചെയ്തതോടെ താരങ്ങള്‍ക്ക് വിലക്കും വീണു.

സ്റ്റീവ് സ്മിത്തിനും വൈസ് ക്യാപ്റ്റനായിരുന്ന ഡേവിഡ് വാര്‍ണര്‍ക്കും ഒരു വര്‍ഷത്തെ വിലക്കാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ വിധിച്ചത്. പന്ത് ചുരണ്ടിയെന്ന് കണ്ടെത്തിയ യുവതാരം ബാന്‍ക്രോഫ്റ്റിന് ഒന്പതു മാസത്തെ വിലക്കും വീണു. മൂന്നു താരങ്ങളും തെറ്റ് ഏറ്റുപറഞ്ഞിരുന്നു. പിന്നാലെ ക്രിക്കറ്റ് ലോകത്തിനു മുന്നില്‍ പൊട്ടിക്കരഞ്ഞു കൊണ്ട് സ്റ്റീവ് സ്മിത്തും വാര്‍ണറും കുറ്റസമ്മതം നടത്തിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഒരുവര്‍ഷ വിലക്ക് കടുത്തുപോയെന്നും വിലക്ക് നീക്കണമെന്നുമുള്ള ആവശ്യം ശക്തമായത്. ഷെയ്ന്‍ വോണ്‍ അടക്കമുള്ള മുന്‍ താരങ്ങള്‍ ക്രിക്കറ്റ് ഓസ്ട്രേലിയയുടെ നടപടിയെ വിമര്‍ശിക്കുകയും ചെയ്തിരുന്നു.

 

loader