ഐ സി സി ഏകദിന റാങ്കിംഗില്‍ ബാറ്റിംഗില്‍ ഇന്ത്യന്‍ താരം സ്‌മൃതി മന്ദാന ഒന്നാമത്. ന്യൂസീലന്‍ഡില്‍ തിളങ്ങിയ മന്ദാന മൂന്ന് സ്ഥാനം മുന്നോട്ടുകയറിയാണ് തലപ്പത്തെത്തിയത്. 

ദുബായ്: ഐ സി സി ഏകദിന റാങ്കിംഗില്‍ ബാറ്റിംഗില്‍ ഇന്ത്യന്‍ താരം സ്‌മൃതി മന്ദാന ഒന്നാമത്. മൂന്ന് സ്ഥാനം മുന്നോട്ടുകയറിയാണ് സ്‌മൃതി തലപ്പത്തെത്തിയത്. ന്യൂസീലന്‍ഡിനെതിരായ മൂന്ന് ഏകദിനങ്ങളുടെ പരമ്പരയില്‍ സെഞ്ചുറിയും പുറത്താകാതെ 90 റണ്‍സും നേടിയതാണ് മന്ദാനയ്ക്ക് തുണയായത്. ഓസ്‌ട്രേലിയന്‍ താരങ്ങളായ എല്ലിസി പെറിയും മെഗ് ലാന്നിംഗുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. 

ഇന്ത്യക്കെതിരെ തുടര്‍ച്ചയായി അര്‍ദ്ധ സെഞ്ചുറികള്‍ നേടിയ എമി സാറ്റര്‍വൈറ്റ് 10 സ്ഥാനങ്ങള്‍ മുന്നോട്ടുകയറി നാലാം സ്ഥാനത്തെത്തി. ഒരു സ്ഥാനം താഴേക്കിറങ്ങിയ മിതാലി രാജ് അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഏകദിന കരിയറില്‍ തകര്‍പ്പന്‍ ഫോമിലുള്ള മന്ദാന 2018ന്‍റെ തുടക്കം മുതല്‍ 15 മത്സരങ്ങളില്‍ നിന്ന് രണ്ട് ശതകങ്ങളും എട്ട് അര്‍ദ്ധ സെഞ്ചുറികളും നേടിയിട്ടുണ്ട്. 

ന്യൂസീലന്‍ഡില്‍ ഇന്ത്യന്‍ വനിതകള്‍ ഏകദിന പരമ്പര സ്വന്തമാക്കിയിരുന്നു. മൂന്ന് ഏകദിനങ്ങളുള്ള പരമ്പരയില്‍ ആദ്യ രണ്ട് മത്സരത്തിലും വിജയിച്ചാണ് ഇന്ത്യയുടെ നേട്ടം. മൂന്നാം ഏകദിനത്തില്‍ കിവികള്‍ക്കായിരുന്നു ജയം.