ഇന്ത്യക്കായി ടി20യില്‍ കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന നേട്ടത്തിലാണ് രോഹിതിനെ മിതാലി മറികടന്നത്. റെക്കോര്‍ഡ് സ്വന്തമാക്കിയ മിതാലിയെ ഐസിസി അഭിനന്ദിച്ചു...
ഗയാന: രോഹിത് ശര്‍മ്മയെ മറികടന്ന് ടി20യില്‍ ഇന്ത്യക്കായി കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന നേട്ടത്തിലെത്തിയ മിതാലി രാജിനെ അഭിനന്ദിച്ച് ഐസിസി. വനിതാ ടി20 ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ചുറി നേടിയാണ് മിതാലി നേട്ടത്തിലെത്തിയത്. കഴിഞ്ഞ ദിവസം അയര്‍ലന്‍ഡിനെതിരെയും അര്‍ദ്ധ സെഞ്ചുറി നേടിയതോടെ മിതാലിയുടെ ലീഡ് വര്‍ദ്ധിച്ചു.
ഇതോടെ മിതാലിയുടെ റണ്‍ സമ്പാദ്യം 2283 ആയി. നേരത്തെ റെക്കോര്‍ഡ് കൈവശം വെച്ചിരുന്ന രോഹിത് ശര്‍മ്മയുടെ അക്കൗണ്ടില്‍ 87 മത്സരങ്ങളില്‍ 2,207 റണ്‍സാണുള്ളത്. 62 മത്സരങ്ങളില്‍ നിന്ന് 2,102 റണ്‍സെടുത്ത ഇന്ത്യന്‍ നായകന്‍ വിരാട് കോലിയാണ് മൂന്നാം സ്ഥാനത്ത്. വിന്‍ഡീസിനെതിരായ പരമ്പരയില്‍ കോലിയെ പിന്തള്ളി രോഹിത് ഒന്നാം സ്ഥാനത്തെത്തിയിരുന്നു. ഈ നേട്ടമാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂടിയായ മിതാലി പിന്നിലാക്കിയത്.
മിതാലിയുടെ അര്‍ദ്ധ സെഞ്ചുറിക്കരുത്തില്‍ തുടര്‍ച്ചയായ മൂന്നാം ജയത്തോടെ ഇന്ത്യ വനിതാ ട്വന്‍റി 20 ലോകകപ്പിന്‍റെ സെമിഫൈനലില്‍ കടന്നിട്ടുണ്ട്. അയര്‍ലന്‍ഡിനെ 52 റണ്‍സിനാണ് ഇന്ത്യ തോല്‍പിച്ചത്. മിതാലി 56 പന്തില്‍ നാല് ഫോറും ഒരു സിക്സും ഉള്‍പ്പടെ 51 റണ്‍സെടുത്തു.
