ദുബായ്: അന്താരാഷ്ട്ര ക്രിക്കറ്റില്‍ വലിയമാറ്റങ്ങള്‍ക്കുള്ള നിര്‍ദേശങ്ങളുമായി അന്താരാഷട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ ചീഫ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍. 13 ടെസ്റ്റ് ടീമുകള്‍ ഉള്‍പ്പെടുത്തി രണ്ട് തട്ടുകളുള്ള ലീഗ്, ട്വന്റി 20 ലോകകപ്പിന് മേഖലാ യോഗ്യതാ മത്സരങ്ങള്‍ തുടങ്ങിയ നിര്‍ദേശങ്ങളാണ് കമ്മിറ്റി മുന്നോട്ടുവച്ചിരിക്കുന്നത്. രണ്ട് വര്‍ഷം നീണ്ടുനില്‍ക്കുന്ന ടെസ്റ്റ് ലീഗിന്റെ ആദ്യ ഗ്രൂപ്പില്‍ ഒന്‍പത് ടീമുകളാണ് ഉണ്ടാവുക. സിംബാബ്‌വേ, അഫ്ഗാനിസ്ഥാന്‍, അയര്‍ലന്‍ഡ് തുടങ്ങിയ ടീമുകള്‍ രണ്ടാം ഗ്രൂപ്പിലും കളിക്കും. ഐ സി സി ബോര്‍ഡ് യോഗം നിര്‍ദേശങ്ങള്‍ അംഗീകരിച്ചാല്‍ പുതിയ തീരുമാനങ്ങള്‍ നടപ്പാക്കും.
ഫുട്ബോളിലേത് പോലെ ലീഗ് അടിസ്ഥാനത്തില്‍ ടെസ്റ്റ്, ഏകദിന, ടി20 മല്‍സരങ്ങള്‍ സംഘടിപ്പിക്കാനാണ് ഐസിസി തയ്യാറെടുക്കുന്നത്. ഇതനുസരിച്ച് ഹോം ആന്‍ഡ് എവേ രീതി അടിസ്ഥാനമാക്കിയായിരിക്കും മല്‍സരങ്ങള്‍ സംഘടിപ്പിക്കുക. ഇതോടെ ഇപ്പോള്‍ നടക്കുന്ന ടെസ്റ്റ് പരമ്പരകള്‍ ഭാവിയില്‍ അപ്രസക്തമായേക്കും.
13 ടീമുകള്‍ പങ്കെടുക്കുന്ന ഏകദിന ലീഗ് സംഘടിപ്പിച്ച് ഇതില്‍ നിന്ന് 2019ല്‍ ഇംഗ്ലണ്ടിലും വെയ്ല്‍സിലുമായി നടക്കുന്ന ലോകകപ്പിലേക്കുള്ള ടീമിനെ തെരഞ്ഞെടുക്കുന്നതിനെ കുറിച്ചും ഐസിസി ആലോചിക്കുന്നുണ്ട്.
