ഏകദിന ലോകകപ്പില്‍ ആരാകും ജേതാക്കള്‍ എന്ന പ്രവചനം മുറുകുകയാണ്. വസീം അക്രമാണ് ഒടുവില്‍ പ്രവചവുമായി രംഗത്തെത്തിയത്.

ലാഹോര്‍: ഇംഗ്ലണ്ടില്‍ മെയ് അവസാനം ആരംഭിക്കുന്ന ഏകദിന ലോകകപ്പില്‍ ആരാകും ജേതാക്കള്‍ എന്ന പ്രവചനം മുറുകുകയാണ്. ലോകകപ്പിലെ ഫേവറേറ്റുകള്‍ ഇന്ത്യയാണെന്ന് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറും ദക്ഷിണാഫ്രിക്കന്‍ മുന്‍ നായകന്‍ ഷോണ്‍ പൊള്ളോക്കും പ്രവചിച്ചിരുന്നു. പാക് ഇതിഹാസം വസീം അക്രമാണ് ഈ നിരയില്‍ ഒടുവില്‍ പ്രവചവുമായി രംഗത്തെത്തിയത്.

ലോകകപ്പ് കളിക്കുന്ന ടീമുകളി‍ല്‍ പാക്കിസ്ഥാനെ എഴുതിത്തള്ളാനാകില്ലെന്ന് അക്രം പറഞ്ഞു. എന്നാല്‍ ഇന്ത്യയാണ് ഫേവറേറ്റുകള്‍. കിവികള്‍ തന്നെയായിരിക്കും ടൂര്‍ണമെന്‍റിലെ കറുത്ത കുതിരകള്‍. ഇതേസമയം പാക്കിസ്ഥാന്‍ കടുത്ത എതിരാളിയായി മത്സരരംഗത്തുണ്ടാകുമെന്നും ഇതിഹാസ ഇടംകൈയന്‍ പേസര്‍ വ്യക്തമാക്കി. 

മുഹമ്മദ് ഹഫീസും ഷെയ്‌ബ് മാലിക്കും ഒഴികെയുള്ളവര്‍ യുവാക്കളാണ്, പരിചയസമ്പന്നരുമാണ്. ടീമിന്‍റെ ഫീല്‍ഡിംഗ് മെച്ചപ്പെട്ടിട്ടുണ്ടെന്നും അക്രം പറഞ്ഞു. മെയ് 30 മുതല്‍ ജൂലൈ 16 വരെയാണ് ഇംഗ്ലണ്ടില്‍ ലോകകപ്പ് നടക്കുന്നത്. നോട്ടിംഹാമില്‍ മെയ് 31ന് വിന്‍ഡീസിന് എതിരെയാണ് ലോകകപ്പില്‍ പാക്കിസ്ഥാന്‍റെ ആദ്യ മത്സരം. മാഞ്ചസ്റ്ററില്‍ ജൂണ്‍ 16ന് ഇന്ത്യക്കെതിരെയും പാക്കിസ്ഥാന് മത്സരമുണ്ട്.