"ഇത് ഇന്ത്യയ്ക്ക് ടെസ്റ്റ് പരമ്പര നേടാനുള്ള ഏറ്റവും മികച്ച അവസരമാണ്. ഇന്ത്യ ഇതുവരെ ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര ജയിച്ചിട്ടില്ല. ഇത്തവണ പരമ്പര ജയിച്ചില്ലെങ്കില്‍ തനിക്കതൊരു അത്ഭുതമായിരിക്കും"
സിഡ്‌നി: ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര ജയിക്കാന്‍ ഇന്ത്യന്‍ ടീമിന് സുവര്‍ണാവസരമാണിതെന്ന് മുന്‍ നായകന്‍ സൗരവ് ഗാംഗുലി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ഇന്ത്യ ശക്തരും ഓസീസ് പതിറ്റാണ്ടുകള്‍ക്കൊടുവില്‍ ദുര്‍ബലരാണെന്നതുമാണ് കാരണം. ഗാംഗുലിയുടെ ഇതേ അഭിപ്രായമാണ് ഓസീസ് ഇതിഹാസം ഡീന്‍ ജോണ്‍സിനും. പരമ്പരയില്‍ വഴിത്തിരിവുണ്ടാക്കുന്ന താരം ആരാണെന്നും മുന്‍ ഓസീസ് ബാറ്റ്‌സ്‌മാന്‍ വ്യക്തമാക്കി.

'ഇത് ഇന്ത്യയ്ക്ക് ടെസ്റ്റ് പരമ്പര നേടാനുള്ള ഏറ്റവും മികച്ച അവസരമാണ്. ഇന്ത്യ ഇതുവരെ ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര ജയിച്ചിട്ടില്ല. ഇത്തവണ പരമ്പര ജയിച്ചില്ലെങ്കില്‍ തനിക്കതൊരു അത്ഭുതമായിരിക്കും. അശ്വിനായിരിക്കും പരമ്പരയുടെ വിധി തീരുമാനിക്കുക. കഴിഞ്ഞ തവണ ഇവിടെ സന്ദര്‍ശിക്കാനെത്തിയപ്പോള്‍ അശ്വിന്‍ മികച്ച പ്രകടനം കാഴ്‌ച്ചവെച്ചിരുന്നു. അശ്വിന്‍ ആദ്യ ടെസ്റ്റില്‍ കളിച്ചാല്‍ ഇന്ത്യ പരമ്പര സ്വന്തമാക്കുമെന്നും' ജോണ്‍സ് അഭിപ്രായപ്പെട്ടു.

സ്‌പിന്‍ ജോഡി രവിചന്ദ്ര അശ്വിനും കുല്‍ദീപ് യാദവുമായിരിക്കും ഓസീസിന് വലിയ പരീക്ഷയെന്ന് ജോണ്‍സ് പറയുന്നു. വിന്‍ഡീസിനെതിരെ നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ ഇരുവരും തിളങ്ങിയിരുന്നു. എന്നാല്‍ സ്‌പിന്നിനെ നന്നായി കളിക്കുന്ന ഫിഞ്ചും ഹാന്‍ഡ്‌കോമ്പും ടീമിലുള്ളതിനാല്‍ തിരിച്ചടിക്കുമെന്നും മുന്‍ താരം പറഞ്ഞു. ഡിസംബര്‍ ആറിന് അഡ്‌ലെയ്‌ഡിലാണ് നാല് ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ മത്സരം തുടങ്ങുന്നത്.

ഇന്ത്യയുടെ അവസാന ഓസീസ് പര്യടനത്തില്‍(2014/15) ഇന്ത്യ 0-2ന് പരമ്പര കൈവിട്ടിരുന്നു. ആദ്യ രണ്ട് ടെസ്റ്റുകള്‍ തോറ്റ ഇന്ത്യ അവസാന രണ്ട് മത്സരങ്ങളില്‍ സമനില നേടുകയായിരുന്നു. എന്നാല്‍ കോലി 86.50 ശരാശരിയില്‍ 692 റണ്‍സ് അടിച്ചുകൂട്ടിയിരുന്നു. ഓസ്‌ട്രേലിയയില്‍ 2003- 04 പര്യടനത്തില്‍ സൗരവ് ഗാംഗുലിയുടെ നായകത്വത്തില്‍ 1-1ന് പരമ്പര തുല്യത പാലിച്ചതാണ് ഇതുവരെ ഇന്ത്യയുടെ മികച്ച ടെസ്റ്റ് പ്രകടനം.
