ജൊഹന്നസ്ബര്‍ഗ്: ഇന്ത്യയ്ക്കെതിരായ നാലാം ഏകദിനത്തിനിടെ(പിങ്ക് ഏകദിനം) ദക്ഷിണാഫ്രിക്കന്‍ താരം ഇമ്രാന്‍ താഹിര്‍ വംശീയമായി അധിക്ഷേപിക്കപ്പെട്ടത് വിവാദമായിരുന്നു. മത്സരത്തിനിടെയാണ് ഗാലറിയില്‍ വെച്ച് ആരാധകര്‍ പാക്ക് വംശജനായ താരത്തെ അധിക്ഷേപിച്ചത്. സ്റ്റേഡിയത്തില്‍ വെച്ച് തന്നെ അപമാനിച്ച ആരാധകന് ദക്ഷിണാഫ്രിക്കന്‍ താരം മറുപടി നല്‍കിയിരുന്നു.
താരത്തിന്‍റെ പരാതിയില്‍ കുറ്റക്കാരനായ ആരാധകനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്റ്റേഡിയത്തില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ നിരവധി പേര്‍ താരത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. തന്നെ പിന്തുണച്ച ആരാധകര്‍ക്ക് നന്ദിയറിയിച്ചിരിക്കുകയാണ് താഹിര്‍.
"രാജ്യത്തിനും ദേശത്തിനും മതത്തിനും അതീതമായി എല്ലാവരെയും സ്നേഹിക്കുന്നു. ലോകത്ത് എല്ലായിടത്തും ക്രിക്കറ്റ് കളിച്ചിട്ടുള്ള താന്‍ അവിടെയെല്ലാം സുഹൃത്തുക്കളെ മാത്രമേ സൃഷ്ടിച്ചിട്ടുള്ളൂവെന്ന്" താഹിര്‍ പറഞ്ഞു. ഇമ്രാന്‍ താഹിറിനെതിരായ വംശീയാധിക്ഷേപം അന്വേഷിച്ച് വരികയാണെന്ന് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് അസോസിയേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.
